നന്നങ്ങാടിയില്‍നിന്ന് മുത്തുകളും മണ്‍പാത്രവും കണ്ടെടുത്തു

ബാലുശ്ശേരി: കിനാലൂര്‍ കാറ്റാടിയിലെ പുരാവസ്തു ഗവേഷണസംഘം നന്നങ്ങാടിയില്‍നിന്നും മുത്തുകള്‍ കണ്ടെടുത്തു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സംസ്ഥാന പുരാവസ്തു വകുപ്പിന്‍െറയും ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പി.ജി വിഭാഗത്തിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ കിനാലൂര്‍ കാറ്റാടിമലയുടെ താഴ്വാരത്ത് നടന്നുവരുന്ന ഉദ്ഖനനത്തില്‍ മൂന്ന് നന്നങ്ങാടികളും മുത്തുകളും കല്ലായുധങ്ങളുടെ വിവിധഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. ആദ്യം കണ്ടത്തെിയ നന്നങ്ങാടിക്ക് തൊട്ടുതന്നെ മറ്റു രണ്ട് നന്നങ്ങാടികളും കഴിഞ്ഞദിവസം കണ്ടത്തെിയിരുന്നു. ഗുഹയിലൊന്നില്‍നിന്നാണ് ഞായറാഴ്ച നാല് മുത്തുകളും ഒരു മണ്‍പാത്രവും കണ്ടത്തെിയത്. കാര്‍ണീരിയന്‍ മുത്തുകളാണ് ഇവയെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന തഞ്ചാവൂര്‍ തമിഴ് യൂനിവേഴ്സിറ്റിയിലെ ആര്‍ക്കിയോളജിസ്റ്റ് ഡോ. സെല്‍വകുമാര്‍ പറഞ്ഞു. ഇവിടെ കണ്ടത്തെിയ നന്നങ്ങാടികള്‍ക്ക് 5000 വര്‍ഷത്തോളം പഴക്കമുണ്ടെന്നും കിനാലൂര്‍ കാറ്റാടിക്കുന്ന് കേന്ദ്രീകരിച്ച് കൂട്ടമായി ജനവാസമുണ്ടാകാനാണ് സാധ്യതയെന്നും ഡോ. സെല്‍വകുമാര്‍ അഭിപ്രായപ്പെട്ടു. കണ്ടത്തെിയ മുത്തുകളടക്കമുള്ള വസ്തുക്കളുടെ ശാസ്ത്രീയ പരിശോധന നടത്തിയശേഷമേ ഇവയുടെ കാലഘട്ടം നിര്‍ണയിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കണ്ടത്തെിയ വസ്തുക്കള്‍ കോഴിക്കോട് പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാലുശ്ശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി. പ്രതിഭ, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എം. കമലാക്ഷി എന്നിവര്‍ ഞായറാഴ്ച കിനാലൂരിലെ ഉദ്ഖനനകേന്ദ്രം സന്ദര്‍ശിച്ചു. കിനാലൂര്‍ കാറ്റാടി പ്രദേശം മൊത്തമായി പുരാവസ്തു സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാനും ആവശ്യമായ ഉദ്ഖനന പ്രവര്‍ത്തനങ്ങള്‍ നടത്താനുംവേണ്ട നടപടികളെടുക്കാന്‍ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും ഇവരറിയിച്ചു. മൂന്നുദിവസം നീണ്ടുനിന്ന ആര്‍ക്കിയോളജി ഉദ്ഖനന വര്‍ക്ക്ഷോപ്പ് ഞായറാഴ്ച സമാപിച്ചു. ചരിത്രവിദ്യാര്‍ഥികളും അധ്യാപകരുമടക്കം 100ഓളം പേര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.