കോഴിക്കോട്: കല്ലൂത്താന്‍ കടവ് കോളനിയില്‍ തീപിടിച്ച് വീട് കത്തി നശിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പരേതനായ അയ്യാവുസ്വാമിയുടെ ഭാര്യ സരസമ്മയും മക്കളും താമസിക്കുന്ന 18/പി/48ാം നമ്പര്‍ വീടിന് തീ പിടിച്ചത്. സംഭവസമയം വീട്ടില്‍ ആരുമില്ലാത്തതിനാല്‍ അപകടം ഒഴിവായി. 200ഓളം കുടിലുകള്‍ തിങ്ങി നിറഞ്ഞ കോളനിയിലെ അഗ്നിബാധ ആദ്യം ശ്രദ്ധയില്‍പ്പെട്ട ഒന്നാം ക്ളാസ് വിദ്യാര്‍ഥി അബിയുടെ അവസരോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്. തൊട്ടടുത്ത് താമസിക്കുന്ന സരസമ്മയുടെ ബന്ധുകൂടിയായ സെല്‍വിയുടെ മകനായ അബി മാതാവിനെ അറിയിച്ചതനുസരിച്ചാണ് കോളനിയിലുള്ളവര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇത് തീ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ സഹായകമായി. സരസമ്മ, മകന്‍ രതീഷ്, ഭാര്യ ശ്രുതി, കൊച്ചുമകള്‍ ആരതി എന്നിവര്‍ പുതിയറ നടമ്മല്‍ ക്ഷേത്രത്തില്‍ താലപ്പൊലിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. വീട്ടില്‍ കത്തിച്ചുവെച്ച മണ്ണെണ്ണ വിളക്കില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. ഉണങ്ങിയ മരക്കഷണങ്ങള്‍ക്ക് മുകളില്‍ പ്ളാസ്റ്റിക് ഷീറ്റ് കൊണ്ടുണ്ടാക്കിയ മേല്‍ക്കൂരയാണ് പൂര്‍ണമായും കത്തിനശിച്ചത്. വീടിനകത്ത് ഗ്യാസ് സിലണ്ടര്‍, തുണിത്തരങ്ങള്‍ തുടങ്ങി തീ പടരാന്‍ സഹായകമായ പല വസ്തുക്കളും ഉണ്ടായിരുന്നെങ്കിലും അയല്‍വാസികളുടെ സമയോജിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നു. കോളനിയിലെ ജോലിക്കുപോയ പുരുഷന്മാര്‍ പലരും തിരിച്ച് വരാത്തതിനാല്‍ തീ കെടുത്താന്‍ കുട്ടികളും സ്ത്രീകളും മുന്നിട്ടിറങ്ങുകയായിരുന്നു. പിന്നീട് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള മൂന്നു യൂനിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. തീ പടരുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ആദ്യം പുറത്തേക്ക് മാറ്റിയ അയല്‍വാസികളുടെ ജാഗ്രതയും വന്‍ദുരന്തം ഒഴിവാക്കി. താപനില ഉയര്‍ന്നതോടെ അടുത്തിടെയായി നഗരത്തില്‍ തുടര്‍ച്ചയായ തീപിടിത്തമുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം വലിയങ്ങാടിയിലും നടക്കാവിലും മറ്റുമായി അഗ്നിബാധയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.