ക്ഷേമപെന്‍ഷന്‍: കിടപ്പിലായവരുടെ ചെക് ബന്ധുക്കള്‍ക്ക്

കോഴിക്കോട്: കിടപ്പായവരുടെ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റാന്‍ ബന്ധുക്കള്‍ക്ക് സൗകര്യമൊരുക്കുന്നതിന് നഗരസഭാ സര്‍വകക്ഷിയോഗ തീരുമാനം. ആയിരങ്ങളെ ദുരിതത്തിലാക്കിയ ക്ഷേമപെന്‍ഷന്‍ വിതരണത്തിനുനേരെ കടുത്ത ആക്ഷേപം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ബദല്‍ സംവിധാനം ആരാഞ്ഞത്. ശയ്യാവലംബിയായവര്‍ക്ക് നേരിട്ട് വീട്ടിലത്തെി ചെക് കൈമാറണമെന്നായിരുന്നു നഗരകാര്യ, പഞ്ചായത്ത് ഡയറക്ടര്‍മാരുടെ നിര്‍ദേശം. ഇതിന്‍െറ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച നഗരസഭയില്‍ കക്ഷിനേതാക്കളുടെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെയും യോഗം ചേര്‍ന്നു. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ കത്തും പെന്‍ഷന്‍ രേഖകളും സഹിതം വന്നാല്‍ അടുത്ത ബന്ധുക്കള്‍ക്ക് ചെക് കൈമാറാമെന്നാണ് യോഗം തീരുമാനിച്ചത്. വിവിധ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 3000ത്തോളം പേരാണ് ആനൂകൂല്യം പറ്റാനുള്ളത്. ഇതില്‍ തീരെ കിടപ്പായവര്‍ക്കാണ് പുതിയ തീരുമാനത്തിന്‍െറ ഗുണം ലഭിക്കുക. അടുത്ത ബന്ധുക്കള്‍ക്ക് ചെക് നല്‍കിയാലും ഗുണഭോക്താവിന്‍െറ പേരിലുള്ള അക്കൗണ്ടിലൂടെ മാത്രമേ പണം മാറാനാവൂ. ഇതിനായി കിടപ്പായവരുള്‍പ്പെടെ നേരിട്ട് ബാങ്കിലത്തെി അക്കൗണ്ട് തുടങ്ങേണ്ടി വരും. എസ്.ബി.ടിയുടെ ചെക്കാണ് വിതരണം ചെയ്യുന്നത്. നേരത്തേ തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ചെക് കൈപ്പറ്റാന്‍ എത്തി മണിക്കൂറുകള്‍ വരിനിന്നും തളര്‍ന്നുവീണും വലഞ്ഞവര്‍ ഇപ്പോള്‍ ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള തത്രപ്പാടിലാണ്. ക്രോസ് ചെയ്ത ചെക്കായതിനാല്‍ മറ്റാര്‍ക്കും ക്ഷേമപെന്‍ഷന്‍ കൈക്കലാക്കാന്‍ പറ്റില്ല എന്നതാണ് ആശ്വാസം. ഒപ്പിടാന്‍ സാധിക്കാത്തവര്‍ക്ക് എ.ടി.എം കാര്‍ഡ് നല്‍കാന്‍ പറ്റില്ളെന്ന എസ്.ബി.ടി ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ തീരുമാനവും പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നേട്ടമാണ്. അക്കൗണ്ടിനൊപ്പം എ.ടി.എം അനുവദിച്ചാല്‍ മറ്റുള്ളവര്‍ക്ക് ആനുകൂല്യം കവരാന്‍ കഴിയും. ഈ സാചര്യം ഒഴിവാക്കിയാണ് ബാങ്ക് വഴിയുള്ള ക്ഷേമപെന്‍ഷന്‍ വിതരണം. കര്‍ഷകര്‍, വികലാംഗര്‍, അവിവാഹിതര്‍, വിധവകള്‍, വയോജനങ്ങള്‍ തുടങ്ങി അശരണരായ പല വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് സര്‍ക്കാറിന്‍െറ ക്ഷേമപെന്‍ഷന്‍. 2015 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ കുടിശ്ശിക തദ്ദേശ സ്ഥാപനങ്ങള്‍ വഴി നേരിട്ട് വിതരണം ചെയ്തതോടെ ജനങ്ങള്‍ ദുരിതത്തിലായിരുന്നു. പെന്‍ഷന്‍ തിരിച്ചറിയല്‍കാര്‍ഡ്, സ്ളിപ്, ആധാര്‍കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകളുമായി തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിച്ച ദിവസങ്ങളില്‍ എത്തിയവര്‍ക്ക് ഇതിനകം പെന്‍ഷന്‍ വിതരണം ചെയ്തിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലത്തൊന്‍ സാധിക്കാത്ത ബാക്കിയുള്ളവര്‍ക്കാണ് പുതിയ ആനുകൂല്യം ഒരുക്കിയത്. ചൊവ്വാഴ്ച മുതല്‍ കോഴിക്കോട് നഗരസഭയില്‍നിന്ന് ഇത്തരത്തില്‍ ബന്ധുക്കള്‍ക്ക് ചെക് കൈപ്പറ്റാമെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.