കോഴിക്കോട്: സുസ്ഥിര നഗരവികസന പദ്ധതിയുടെ ഭാഗമായി മാവൂര്‍ റോഡില്‍ പ്രവൃത്തി പുനരാരംഭിച്ചു. മാവൂര്‍ റോഡില്‍ നന്തിലത്ത് ജി മാര്‍ട്ടിന് മുന്നിലായി റോഡ് മുറിച്ച് കാന നിര്‍മിക്കുന്ന പ്രവൃത്തിയാണ് വ്യാഴാഴ്ച രാത്രി ആരംഭിച്ചത്. ഇതോടെ ഒരു മാസത്തോളം റോഡില്‍ ഗതാഗതം തടസ്സപ്പെടും. മാസങ്ങളോളം നടന്ന ആദ്യ ഘട്ട പ്രവൃത്തി മഴക്കുമുമ്പ് നിര്‍ത്തിവെച്ചതായിരുന്നു. മാവൂര്‍ റോഡില്‍ ഒരു ഭാഗത്തെ ഗതാഗതം നിയന്ത്രിച്ചാണ് അന്ന് പ്രവൃത്തി നടത്തിയത്. ഒന്നര മീറ്റര്‍ ആഴത്തിലും രണ്ടു മീറ്റര്‍ വീതിയിലുമാണ് ഇവിടെ ഓട നിര്‍മിച്ചത്. നന്തിലത്തിന് മുന്നില്‍നിന്ന് റോഡ് മുറിച്ചുകടന്ന് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് സമീപത്തുനിന്ന് വരുന്ന ഓടയിലേക്ക് ചേരുന്ന രീതിയിലാണ് ഇപ്പോഴത്തെ പ്രവൃത്തി. ഇവിടെ ഒന്നര മീറ്റര്‍ ആഴത്തിലും മൂന്നു മീറ്റര്‍ വീതിയിലുമാണ് ഓട നിര്‍മാണം നടക്കുക. ഇതോടെ മാവൂര്‍ റോഡ് ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്രവൃത്തി ഒരു മാസം പിന്നിടുന്നതോടെ മാവൂര്‍ റോഡിലെ വ്യാപാരത്തെയും ഇവിടേക്കുള്ള യാത്രയെയും സാരമായി ബാധിക്കും. വടകര, കൊയിലാണ്ടി, ബാലുശ്ശേരി, അത്തോളി, കുറ്റ്യാടി ഭാഗങ്ങളില്‍നിന്ന് പുതിയ സ്റ്റാന്‍ഡിലേക്ക് വരുന്ന ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ മാനാഞ്ചിറ, പാവമണി റോഡ്, പുതിയറ, അരയിടത്തുപാലം വഴി പുതിയ സ്റ്റാന്‍ഡില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം. ഇതോടെ മാനാഞ്ചിറ മുതല്‍ അരയിടത്തുപാലം വരെയുള്ള ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് ഏറും. ഇപ്പോള്‍ തന്നെ പുതിയറ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ദേശീയ ഗെയിംസിന്‍െറ ഭാഗമായി മാസങ്ങള്‍ക്കുമുമ്പാണ് മാവൂര്‍ റോഡ് നവീകരിച്ചത്. ഈ റോഡ് വീണ്ടും കുത്തിപ്പൊളിക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവിന് കനത്ത നഷ്ടവുമുണ്ടാകും. കഴിഞ്ഞ തവണ മാവൂര്‍ റോഡില്‍ ആര്‍.പി മാള്‍ മുതല്‍ നന്തിലത്ത് വരെയുള്ള ഭാഗമാണ് നവീകരിച്ചത്. പദ്ധതിയുടെ ഭാഗമായി കനോലി കനാലിന് പടിഞ്ഞാറ് കടല്‍ത്തീരം വരെയുള്ള ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടമായ കനോലി കനാലിന് കിഴക്കു ഭാഗത്തെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. മാവൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം കോഴിക്കോട്: മാവൂര്‍ റോഡില്‍ രാജാജി ജങ്ഷനില്‍ നന്തിലത്ത് ജി മാര്‍ട്ടിനു മുന്നിലായി റോഡില്‍ കലുങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് അടിയന്തര ജോലികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച മുതല്‍ വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന് സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു. വടകര, കൊയിലാണ്ടി, ബാലുശ്ശേരി, അത്തോളി, കുറ്റ്യാടി ഭാഗങ്ങളില്‍നിന്ന് പുതിയ സ്റ്റാന്‍ഡ് ഭാഗത്തേക്ക് വരുന്ന ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ മാവൂര്‍ റോഡില്‍നിന്ന് മാനാഞ്ചിറ, പാവമണി റോഡ്, പുതിയറ, അരയിടത്തുപാലം വഴി പുതിയ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.