ചങ്ങലപ്പൂട്ട് പൊളിച്ച് കടവുകളില്‍ മണല്‍ഖനനം

കോഴിക്കോട്: മണല്‍വാരലിന് നിരോധം നിലനില്‍ക്കെ, ഇത് തടയാന്‍ സ്ഥാപിച്ച ചങ്ങലപ്പൂട്ടുകള്‍ പൊളിച്ച് ജില്ലയിലെ കടവുകളില്‍ അനധികൃത മണല്‍ ഖനനം. പൊലീസിന്‍െറ അറിവോടെയാണ് നിയമലംഘനമെന്നും ആക്ഷേപമുയരുന്നു. ജില്ലയില്‍ ഏറ്റവുമധികം മണല്‍സമ്പത്തുള്ള കൊടിയത്തൂര്‍ പഞ്ചായത്തിലാണ് അനധികൃത മണല്‍ഖനനവും കടത്തും നടക്കുന്നത്. രാത്രി ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണിത്. മഴക്കാലം കഴിഞ്ഞതിന് തൊട്ടുപിന്നാലെ രൂക്ഷമായ മണല്‍ഖനനം സംബന്ധിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്, സബ്കലക്ടറുടെ നേതൃത്വത്തിലത്തെിയ റവന്യൂ സംഘം തോണികള്‍ പിടികൂടി നശിപ്പിച്ചിരുന്നു. തുടര്‍ന്ന് കടവുകളിലേക്കുള്ള വഴികളിലും ലോറികള്‍ കടന്നുപോകുന്ന വഴികളിലും ചങ്ങലപ്പൂട്ടുകള്‍ സ്ഥാപിക്കാനും നിര്‍ദേശംനല്‍കി. ഈ ചങ്ങല തകര്‍ത്താണ് അര്‍ധരാത്രി മണല്‍ഖനനം നടക്കുന്നത്. പഞ്ചായത്ത് സ്ഥാപിച്ച പൂട്ട് തകര്‍ത്തശേഷം മണല്‍മാഫിയ പുതുതായി പൂട്ട് സ്ഥാപിക്കുകയാണ്. ഇതോടെ ഏത് സമയവും മാഫിയക്ക് മണല്‍ കടത്താം. ചിലയിടത്ത് ചങ്ങലമുറിച്ചെടുത്ത് വിദഗ്ധമായി കൂട്ടിച്ചേര്‍ക്കുന്ന രീതിയുമുണ്ട്. ചെറുവാടി, തറമ്മല്‍, പുതിയോട്ടില്‍, തെയ്യത്തുംകടവ് എന്നിവയാണ് പഞ്ചായത്തിലെ അംഗീകൃത കടവുകള്‍. ഇവക്ക് പുറമെ, നിരവധി അനധികൃത കടവുകളില്‍നിന്ന് മണല്‍ വാരുന്നുണ്ട്. തെയ്യത്തുംകടവിലെ കോട്ടമുഴിക്കല്‍ ഭാഗത്ത് മണല്‍വാരലിനെ തുടര്‍ന്ന്, സ്വകാര്യ ഭൂമികള്‍ ഇടിച്ചില്‍ ഭീഷണിയിലാണ്. ഇതിന് പുറമെ, സമീപപ്രദേശങ്ങളിലേക്കെല്ലാം വെള്ളം എത്തിക്കുന്ന പമ്പ്ഹൗസും ഭീഷണിയിലായത് സംബന്ധിച്ച് വാട്ടര്‍അതോറിറ്റി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഖനനം തുടര്‍ന്നാല്‍ ജലനിരപ്പ് താഴുമെന്നും ഇതോടെ കുടിവെള്ളവിതരണം താറുമാറാകുമെന്നുമായിരുന്നു എ.ഇ പരാതിപ്പെട്ടത്. ഇത് പൊലീസിന് കൈമാറിയെങ്കിലും പഞ്ചായത്ത് സെക്രട്ടറി പി.പി. രാജന്‍ പറഞ്ഞു. എന്നാല്‍, ഇത്തരത്തില്‍ പരാതി ലഭിച്ചത് അറിയില്ളെന്നും പരാതി ലഭിച്ചാല്‍ പ്രദേശത്ത് പട്രോളിങ് നടത്താറുണ്ടെന്നും മുക്കം എസ്.ഐ പറഞ്ഞു. കടവുകളില്‍ ചങ്ങലപ്പൂട്ടുകള്‍ തകര്‍ത്ത കാര്യം അറിയില്ളെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത തോണികള്‍ ഉപയോഗിച്ചാണ് മണല്‍ വാരുന്നത്. ഈ തോണികള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ഇത് അപ്രായോഗികമാണെന്നാണ് പഞ്ചായത്തിന്‍െറ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.