സര്‍ക്കാര്‍ ഭൂമിയില്‍ കൈയേറ്റം; നടപടിയെടുക്കാതെ അധികൃതര്‍

പന്തീരാങ്കാവ്: റവന്യൂ-പൊതുമരാമത്ത് പുറമ്പോക്കുഭൂമികളുടെ വ്യാപക കൈയേറ്റത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു. പൊറ്റമ്മല്‍-പാലാഴി-പുത്തൂര്‍മഠം റോഡില്‍ പൊതുമരാമത്തിന്‍െറയും റവന്യൂ വകുപ്പിന്‍െറയും അധീനതയിലുള്ള ഭൂമിയാണ് കൈയേറുന്നത്. പാലാഴി തച്ചറക്കല്‍താഴം മുതല്‍ കണ്ണംചിന്നം പാലം വരെയുള്ള വാഹനഗതാഗതമില്ലാതെ കിടക്കുന്ന പഴയ റോഡും കണ്ണംചിന്നം പാലത്തിനു സമീപം അപ്രോച്ച് റോഡിനായി സര്‍ക്കാര്‍ വിലകൊടുത്തുവാങ്ങിയ സ്ഥലവുമെല്ലാം സ്വകാര്യ വ്യക്തികള്‍ കൈയേറുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇവിടെ പാലത്തിനടിയിലേക്ക് പ്രദേശവാസികള്‍ വഴിയായി ഉപയോഗിച്ച സ്ഥലം അടച്ചുപൂട്ടിയിട്ടുണ്ട്. പയ്യടിമത്തേല്‍ പഴയ എല്‍.പി സ്കൂളിനു സമീപമുള്ള പുറമ്പോക്കുഭൂമിയും സ്വകാര്യ വ്യക്തികള്‍ കൈയേറാന്‍ ശ്രമിക്കുന്നുണ്ട്. മുണ്ടുപാലത്ത് അങ്ങാടിയില്‍ പൊതുസ്ഥാപനങ്ങള്‍ നിര്‍മിക്കാന്‍ സൗകര്യമുള്ള സര്‍ക്കാര്‍ ഭൂമി ഇപ്പോള്‍ സ്വകാര്യ നിയന്ത്രണത്തിലാണ്. സര്‍ക്കാര്‍ റവന്യൂ ഭൂമികളിലുള്ള തേക്ക് അടക്കമുള്ള മരങ്ങള്‍ക്ക് നമ്പറിടാനോ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനോ അധികൃതര്‍ തയാറായിട്ടില്ല. പൊതുസ്ഥലങ്ങള്‍ സംരക്ഷിച്ച് കൈയേറ്റം ഒഴിപ്പിക്കണമെന്ന് ഒളവണ്ണ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ഗ്രാമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ വെള്ളായിക്കോട് ചാലിയാറിന് തീരത്തുള്ള ഗ്രാമപഞ്ചായത്തിന്‍െറ ഭൂമിയും ഇപ്പോള്‍ കൈയേറ്റക്കാരന്‍െറ അധീനതയിലാണ്. 35 വര്‍ഷം മുമ്പ് ഗ്രാമപഞ്ചായത്തിന് അനുകൂലമായി വിധി വന്ന ഭൂമി അധികൃതരുടെ അനാസ്ഥമൂലമാണ് ഇപ്പോഴും സ്വകാര്യ വ്യക്തി കൈവശംവെക്കുന്നതെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.