മുക്കം: മലയോര റോഡുകളില്‍ മിക്കതും പാടെ തകര്‍ന്ന് കുണ്ടും കുഴിയുമായിത്തീര്‍ന്നത് ദുരിതമാകുന്നു. മേഖലയിലെ മിക്ക റോഡുകളിലും തകര്‍ച്ചമൂലം ആഴക്കുഴികളും ഉരുളന്‍കല്ലുകളും നിറഞ്ഞിരിക്കയാണ്. നോര്‍ത് കാരശ്ശേരി-കാരമൂല-കൂടരഞ്ഞി റോഡ്, തേക്കുംകുറ്റി-തോട്ടക്കാട്-മരഞ്ചാട്ടി റോഡ്, മുക്കംകടവ് പാലം-ആനയാംകുന്ന് റോഡ്, മുക്കംകടവ് പാലം-കാരശ്ശേരി പഞ്ചായത്ത് ഓഫിസ് ജങ്ഷന്‍ റോഡ്, അഗസ്ത്യന്‍മുഴി തൊണ്ടിമ്മല്‍-തിരുവമ്പാടി റോഡ്, കുമാരനെല്ലൂര്‍ മുക്ക്-തിരുവമ്പാടി റോഡ്, ഓമശ്ശേരി-മാനിപുരം-കൊടുവള്ളി റോഡ്, മാമ്പറ്റ-വട്ടോളിപ്പറമ്പ്-തൂങ്ങുംപുറം റോഡ്, മുത്തേരി-കാഞ്ഞിരമുഴി റോഡ്, മണാശ്ശേരി-പുല്‍പറമ്പ് റോഡ്, കുറ്റിപ്പാല-കച്ചേരി-ചേന്ദമംഗലൂര്‍ റോഡ്, തോട്ടത്തിന്‍കടവ്-മാടച്ചാല്‍ റോഡ് തുടങ്ങിയതെല്ലാം തകര്‍ന്നിരിക്കയാണ്. വാഹനങ്ങള്‍ കേടുവരുന്നതും അപകടം പതിവാകുന്നതും നിത്യക്കാഴ്ചയാണ്. കാല്‍നടക്കാരും ഇരുചക്രവാഹനയാത്രികരും ഭീതിയോടെയാണ് കടന്നുപോകുന്നത്. വാഹനങ്ങള്‍ കുഴിയില്‍ ചാടുമ്പോള്‍ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതായി പരാതിയുണ്ട്. നോര്‍ത് കാരശ്ശേരി-കൂടരഞ്ഞി റോഡ് താഴെക്കൂടരഞ്ഞി വരെ തകര്‍ന്ന നിലയിലാണ്. അഗസ്ത്യന്‍മുഴി-തിരുവമ്പാടി റോഡിന്‍െറ തിരുവമ്പാടി മുതല്‍ പകുതി ദൂരം കഴിഞ്ഞ വര്‍ഷം റീടാര്‍ ചെയ്തിരുന്നെങ്കിലും 2.5 കിലോമീറ്റര്‍ വരുന്ന ബാക്കി ഭാഗം വലിയ കിടങ്ങുകള്‍ രൂപപ്പെട്ടനിലയിലാണ്. ഓമശ്ശേരി-കൊടുവള്ളി റോഡില്‍ പുത്തൂരും മാനിപുരത്തിനടുത്തും മൂന്നു ഭാഗങ്ങള്‍ നിശ്ശേഷം തകര്‍ന്നിട്ടുണ്ട്. ഓമശ്ശേരി ബസ്സ്റ്റാന്‍ഡിനു നടുവില്‍ വലിയ കിടങ്ങ് രൂപപ്പെട്ടിട്ടുണ്ട്. ആഴക്കുഴികള്‍ ഒഴിവാക്കാനായി വാഹനങ്ങള്‍ വശങ്ങള്‍ മാറി ഓടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. തകര്‍ന്ന റോഡില്‍ വാഹനമോടുമ്പോള്‍ വന്‍തോതില്‍ പറന്നുയരുന്ന പൊടിപടലങ്ങള്‍ യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും അസഹ്യമാകുന്നു. വര്‍ഷങ്ങളോളം റോഡ് തകര്‍ച്ച ദുരിതമായിത്തീര്‍ന്ന കുറ്റിപ്പാല-ചേന്ദമംഗലൂര്‍ റോഡിന് ശാപമോക്ഷമെന്നോണം നവീകരണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. കള്‍വര്‍ട്ടിന്‍െറ പ്രവൃത്തി പൂര്‍ത്തിയായാല്‍ ടാറിങ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. പല റോഡിലും പാച്ച്വര്‍ക്കുകള്‍ ഏറെനാള്‍ നില്‍ക്കാത്ത സ്ഥിതിയാണ്. റീടാറിങ് നടത്തി നവീകരിക്കണമെന്നാണ് ആവശ്യം. എന്നാല്‍, ചില റോഡുകളില്‍ താല്‍ക്കാലികാശ്വാസത്തിനുള്ള നടപടിപോലും നടക്കുന്നില്ല. ആശുപത്രി, സ്കൂള്‍, ജോലിസ്ഥലം എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാന്‍ റോഡ് തകര്‍ച്ച തടസ്സമാണ്. ഇതുവഴി സര്‍വിസ് നടത്താന്‍ ഓട്ടോ ടാക്സിക്കാരും തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.