നൗഷാദിന് നിത്യസ്മാരകമായി പാവങ്ങാട് ബസ്ബേ

കോഴിക്കോട്: സമാനതകളില്ലാത്ത ത്യാഗത്തെ നഗരം മാതൃകാപദ്ധതിയിലൂടെ ആദരിച്ചു. ഞായറാഴ്ച ഉദ്ഘാടനംചെയ്ത പാവങ്ങാട്ടെ ബസ്ബേക്ക് മാന്‍ഹോള്‍ ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന്‍െറ പേരിടാന്‍ തീരുമാനമായി. ഓട്ടോറിക്ഷകളും ബസുകളും നിര്‍ത്താന്‍ പുല്‍ത്തകിടിയും ടൈലുകളും വിരിച്ച നഗരത്തിലെ ആദ്യ ബസ്ബേക്ക് നൗഷാദിന്‍െറ പേര് ഉചിതമായിരിക്കുമെന്ന ഉദ്ഘാടകന്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ അഭിപ്രായം നിറഞ്ഞ സദസ്സ് കരഘോഷത്തോടെ അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് ബസ്ബേക്ക് നൗഷാദ് സ്ക്വയര്‍ എന്ന് പേരിട്ടതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ബോര്‍ഡ് ഉടന്‍ സ്ഥാപിക്കാനും തീരുമാനമായി. നഗരത്തില്‍ ഏറ്റവുമധികം ഓട്ടോകള്‍ ഓടുന്ന കേന്ദ്രങ്ങളിലൊന്നാണ് പാവങ്ങാട്. മാലിന്യനിക്ഷേപ കേന്ദ്രമായിരുന്ന പാതയോരം നാട്ടുകാരുടേയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലാണ് ബസ് കാത്തിരിക്കാനുള്ള കേന്ദ്രവും ഉദ്യാനവുമായി മാറിയത്. ദേശീയപാതയോരത്ത് പാവങ്ങാട് ജങ്ഷന് സമീപം പണിത ബസ്ബേ, എ. പ്രദീപ് കുമാര്‍ ആദ്യമായത്തെിയ കുറ്റ്യാടി ബസിന് ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തില്‍ കുറ്റ്യാടി-അത്തോളി റോഡുവഴി പോകേണ്ട ബസുകളാണ് പുതിയ ബേയില്‍ നിര്‍ത്തുക. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 12 ലക്ഷം ചെലവിട്ടാണ് പാവങ്ങാട്ട് റോഡിന് പടിഞ്ഞാറുഭാഗം കാത്തിരുപ്പുകേന്ദ്രം പണിതത്. ബസ് കാത്തിരിക്കാനുള്ള രണ്ടു ഷെല്‍ട്ടറുകളും ബസുകള്‍ റോഡില്‍നിന്ന് അകത്തേക്ക് മാറ്റിനിര്‍ത്താനുള്ള ടൈല്‍ പാകിയ മുറ്റവും അടങ്ങുന്നതാണ് ബസ്ബേ. ഒരേസമയം നാലു ബസുകള്‍ക്കെങ്കിലും ലൈനില്‍ നിര്‍ത്തിയിടാനാവും. പുറകിലുള്ള പാര്‍ക്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വൈകുന്നേരങ്ങളില്‍ വന്നിരിക്കാനും മറ്റും പ്രത്യേക സൗകര്യമുണ്ട്. ദിവസം നൂറുകണക്കിന് യാത്രക്കാരത്തെുന്ന കുറ്റ്യാടി റോഡും കണ്ണൂര്‍ ദേശീയപാതയും സന്ധിക്കുന്ന നഗരത്തിലെ പ്രധാന കവലയാണ് പാവങ്ങാട്. ജങ്ഷന് സമീപം പൊതുമരാമത്ത് വകുപ്പിന്‍െറ ഒഴിഞ്ഞസ്ഥലത്ത് മാലിന്യംകൊണ്ടിടാന്‍ തുടങ്ങിയത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഇതിന് പരിഹാരമായാണ് ബസ്ബേ പണിയാന്‍ തീരുമാനമായത്. നാട്ടുകാരില്‍നിന്ന് സഹായം സംഘടിപ്പിച്ച് പാവങ്ങാട് അയല്‍പക്കവേദിയുടെ ആഭിമുഖ്യത്തിലും മണ്ണിടലും മറ്റും നടത്തിയിരുന്നു. ചെടികള്‍ സംരക്ഷിക്കുന്ന ചുമതല പുതിയങ്ങാടി സര്‍വിസ് കോ-ഓപ് ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്. കൗണ്‍സിലര്‍ കെ.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ സ്ഥിരംസമിതി ചെയര്‍പേഴ്സന്മാരായ കെ.വി. ബാബുരാജ്, ആശാശശാങ്കന്‍, കൗണ്‍സിലര്‍മാരായ എം. ശ്രീജ, കെ. നിഷ, കറ്റടത്ത് ഹാജറ, പുതിയങ്ങാടി സര്‍വിസ് കോ-ഓപ് ബാങ്ക് പ്രസിഡന്‍റ് കെ. ശ്രീധരന്‍, ടി.വി. നിര്‍മലന്‍, അഡ്വ. എം. രാജന്‍, കെ. വത്സലന്‍, അഡ്വ. ലിവിന്‍സ്, ഇ.കെ. ഹൈദ്രു, കെ. മനോജ് എന്നിവര്‍ സംസാരിച്ചു. കെ. ഇബ്രാഹീം സ്വാഗതവും ടി.പി.ഷൗക്കത്തലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.