എയ്ഡഡ് പദവി: പ്രതീക്ഷയില്‍ മാവൂര്‍ ബഡ്സ് സ്കൂള്‍

മാവൂര്‍: എയ്ഡഡ് പദവി നല്‍കുന്ന ബഡ്സ് സ്കൂളുകളൂടെ പട്ടികയില്‍പ്പെട്ട മാവൂര്‍ ബഡ്സ് സ്കൂളിന് പ്രതീക്ഷകളേറെ. 18 വര്‍ഷം തികയുന്ന വേളയില്‍ ലഭിച്ച അംഗീകാരത്തിന്‍െറ സന്തോഷത്തിലാണ് രക്ഷിതാക്കളും ജീവനക്കാരും. എയ്ഡഡ് പദവി ലഭിക്കുന്നതോടെ അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതിക സംവിധാനങ്ങളിലും സ്ഥാപനത്തിന് ഏറെ മുന്നേറാനാകുമെന്നാണ് കരുതുന്നത്. 1998ല്‍ വി. ബാലകൃഷ്ണന്‍ നായര്‍ പ്രസിഡന്‍റായ സമയത്താണ് വിരലിലെണ്ണാവുന്ന കുട്ടികളുമായി ഗ്രാമപഞ്ചായത്തിന് കീഴില്‍ സ്നേഹഭവന്‍ എന്നപേരില്‍ സ്ഥാപനം തുടങ്ങുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് സമീപപഞ്ചായത്തുകളില്‍നിന്നുപോലും കുട്ടികളത്തെിയതോടെ സ്കൂള്‍ ശ്രദ്ധനേടി. 2010ല്‍ അംഗീകാരം ലഭിക്കുകയും ബഡ്സ് സ്പെഷല്‍ സ്കൂളായി മാറുകയും ചെയ്തു. മണന്തലക്കടവ് റോഡില്‍ പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ തുടങ്ങിയ സ്കൂള്‍ ഒന്നാം നിലയില്‍ സൗകര്യം അല്‍പംകൂടി വിപുലപ്പെടുത്തിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 52 കുട്ടികളുണ്ട്. നാല് അധ്യാപകരും ഒരു നൃത്താധ്യാപികയും അടക്കം ഒമ്പതു ജീവനക്കാരും സ്കൂളിലുണ്ട്. മൂന്നു വയസ്സിനും 18 വയസ്സിനും ഇടയിലായി 27 കുട്ടികള്‍ പഠിക്കുന്നു. പേപ്പര്‍ ബാഗ്, പെനോയില്‍, ഷോ ഐറ്റംസ് തുടങ്ങിയവ നിര്‍മിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നു. സ്കൂളിന് അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഫിസിയോതെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ് എന്നിവരുടെ സഹായവും ആവശ്യമാണ്. തുച്ഛമായ വേതനത്തിനാണ് ജീവനക്കാര്‍ ജോലിയെടുക്കുന്നത്. എയ്ഡഡ് പദവി ലഭിക്കുന്നതോടെ ഇതിനെല്ലാം പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.