എസ്.പി.സി യൂനിറ്റില്‍നിന്നുള്ള ‘അകം’ ആസ്വാദകരിലേക്ക്

മാവൂര്‍: സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് യൂനിറ്റില്‍നിന്ന് പിറവിയെടുത്ത കുട്ടികളുടെ ഹ്രസ്വസിനിമ ‘അകം’ ആസ്വാദകരിലേക്ക്. മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.പി.സി യൂനിറ്റിലെ കുട്ടികളുടെ പഠനപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി പിറവിയെടുത്ത സിനിമയാണ് തിങ്കളാഴ്ച പുറത്തിറങ്ങുന്നത്. വര്‍ത്തമാനകാല ജീവിതത്തില്‍ മനുഷ്യരുടെ തിരക്കുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു കുട്ടിയുടെ ആത്മസംഘര്‍ഷത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. കുട്ടിയുടെ ആത്മസംഘര്‍ഷങ്ങളെ ഏറ്റുവാങ്ങാന്‍ പുഴയോരത്ത് അവനെന്നും കണ്ടുമുട്ടുന്ന ഒരു കഴുതമാത്രം തയാറാകുമ്പോള്‍ പുതിയ ചങ്ങാത്തത്തിന് അവിടെ തുടക്കമാകുന്നു. സ്കൂളിലും പരിസരപ്രദേശങ്ങളിലുമായി മൂന്നുദിവസംകൊണ്ട് ചിത്രീകരിച്ച സിനിമ സംവിധാനം ചെയ്തത് സ്കൂളിലെ മലയാളം അധ്യാപകന്‍ സി.കെ. പ്രേംകുമാറും രചന നിര്‍വഹിച്ചത് സജീവന്‍ കൂരിയാടുമാണ്. അനിരുദ്ധ് പരമേശ്വരന്‍ കേന്ദ്രകഥാപാത്രമാകുന്ന സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമാണ്. സിനിമയുടെ നിര്‍മാണച്ചെലവായ 1,13,000 രൂപ സ്വരൂപിച്ചത് സ്കൂളിലെ എസ്.പി.സി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്നാണ്. തിയറ്ററുകളിലും പാഠപുസ്തകത്തിലെ തിരക്കഥാ ശകലങ്ങളിലും സിനിമാ നിരൂപണങ്ങളിലും മാത്രം പരിചയിച്ച സിനിമയെ അടുത്തറിയാനുള്ള ശ്രമമാണിതെന്ന് സംവിധായകന്‍ സി.കെ. പ്രേംകുമാര്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ സിനിമയുടെ സീഡി പ്രകാശനവും യൂട്യൂബ് റിലീസിങ്ങും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, അസി. കമീഷണര്‍ പി.കെ. രാജു എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഓപണ്‍ ഫോറവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.