കൊടിയത്തൂര്‍ ആരോഗ്യകേന്ദ്രത്തിലെ മരം മുറിച്ചതിനെ ചൊല്ലി വിവാദം

കൊടിയത്തൂര്‍: ആശുപത്രിക്ക് ഭീഷണിയായ മരം മുറിച്ചതിനെചൊല്ലി കൊടിയത്തൂരില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് വിവാദം. കൊടിയത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മാവ് മുറിച്ചുനീക്കിയതാണ് പ്രദേശത്ത് രാഷ്ട്രീയ വാഗ്വാദത്തിനിടയാക്കിയത്. ആശുപത്രിയിലത്തെുന്നവര്‍ക്ക് തണല്‍ നല്‍കുന്ന മരം വനംവകുപ്പിന്‍െറ അനുവാദം വാങ്ങാതെ മുറിച്ചെന്നാണ് യു.ഡി.എഫ് പഞ്ചായത്ത് നേതൃത്വത്തിന്‍െറ ആരോപണം. മരംമുറിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി. മജീദ് പുതുക്കുടി, എ.എം. നൗഷാദ്, കെ.ടി. മന്‍സൂര്‍, ഫസല്‍ കൊടിയത്തൂര്‍, പി. മുഹമ്മദലി, മോയിന്‍ ബാപ്പു എന്നിവര്‍ നേതൃത്വം നല്‍കി. എന്നാല്‍, ആശുപത്രിക്കും രോഗികള്‍ക്കും ഭീഷണിയായ മാവ് മുറിച്ചത് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണെന്ന് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി. അബ്ദുല്ല വ്യക്തമാക്കി. ആശുപത്രിക്ക് ഭീഷണിയാണെന്ന് മെഡിക്കല്‍ ഓഫിസര്‍ ഗ്രാമപഞ്ചായത്തിനും ഡി.എം.ഒക്കും കത്ത് നല്‍കിയിരുന്നു. വിദ്യാലയങ്ങള്‍ക്കും ആതുരാലയങ്ങള്‍ക്കും സമീപത്തെ അപകടഭീഷണിയുള്ള മരങ്ങള്‍ മുറിച്ചുനീക്കണമെന്ന കലക്ടറുടെ ഉത്തരവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുതാല്‍പര്യം കണക്കിലെടുത്ത് മരംമുറിച്ചുമാറ്റിയത്. ഇതിന്‍െറ പേരില്‍ നടക്കുന്ന വിവാദം വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നും പ്രസിഡന്‍റ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.