മത്സ്യകൃഷിയില്‍ വിജയഗാഥ രചിക്കാന്‍ കക്കോടി ഗ്രാമപഞ്ചായത്ത്

കക്കോടി: മത്സ്യകൃഷിയുടെ വിജയഗാഥ വാനോളമുയര്‍ത്തി മുന്നേറുകയാണ് കക്കോടി ഗ്രാമപഞ്ചായത്തിലെ മത്സ്യകൃഷി കര്‍ഷകര്‍. ഉള്‍നാടന്‍ മത്സ്യകൃഷി പരിപോഷിപ്പിക്കുന്നതിന്‍െറ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പിന്‍െറ സഹായത്തോടെയുള്ള മത്സ്യസമൃദ്ധി പദ്ധതിയിലാണ് കക്കോടി പഞ്ചായത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് തുടങ്ങിയത്. പഞ്ചായത്തിലെ 87 കര്‍ഷകരാണ് അഞ്ച് ഹെക്ടര്‍ ഭൂമിയില്‍ മത്സ്യകൃഷി നടത്തുന്നത്. ജില്ലയിലെ ഏറ്റവും കൂടുതല്‍ മത്സ്യകൃഷി ചെയ്ത തദ്ദേശ സ്വയംഭരണസ്ഥാപനമായി 2015ല്‍ കക്കോടി ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തിരുന്നു. ഈ പ്രചോദനമുള്‍ക്കൊണ്ടാണ് ഈ വര്‍ഷവും കൂടുതല്‍ കര്‍ഷകര്‍ മത്സ്യകൃഷിയിലേക്ക് കടന്നുവന്നത്. വെള്ളത്തിലെ കൃഷിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് സംസ്ഥാന ഫിഷറീസ് വകുപ്പാണ്. സാമ്പത്തിക സഹായവും മത്സ്യത്തീറ്റയും ഫിഷറീസ് വകുപ്പ് നല്‍കുന്നുണ്ട്. മത്സ്യകൃഷിക്ക് താല്‍പര്യമുള്ള പഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും സാമ്പത്തിക സഹായമുള്‍പ്പെടെയുള്ളവ നല്‍കുമെന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. രാജേന്ദ്രന്‍ പറഞ്ഞു. ചിരട്ടാട്ടുമ്മല്‍ സി. സുരേഷിന്‍െറ മത്സ്യവിളവെടുപ്പ് നാട്ടുകാരില്‍ ഏറെ കൗതുകമുണര്‍ത്തി. മലേഷ്യന്‍ വാള, ഗ്രാസ് കാര്‍പ് ഇനത്തില്‍പെട്ട മത്സ്യങ്ങളെയാണ് ഇദ്ദേഹം വളര്‍ത്തിയത്. വെറും നാലുമാസം കൊണ്ടാണ് ഒന്നരകിലോയോളം തൂക്കംവരുന്ന മത്സ്യങ്ങളെ വളര്‍ത്തിയെടുത്ത് ജനശ്രദ്ധയാകര്‍ഷിച്ചതെന്ന് കോഓഡിനേറ്റര്‍ കെ.കെ. ദിനകരന്‍ പറഞ്ഞു. വാര്‍ഡംഗം മിനിജ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍മാരായ ഷിബു, മഞ്ജുള പ്രഭിത, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ടി.ടി. ജയന്തി എന്നിവര്‍ സംസാരിച്ചു. ദിനകരന്‍ സ്വാഗതവും സി. സുരേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.