ഗാന്ധി റോഡ്– മിനി ബൈപാസ് റോഡ് നിര്‍മാണത്തിന് തുടക്കം

കോഴിക്കോട്: ഏറെക്കാലമായി നഗരം കാത്തിരിക്കുന്ന ഗാന്ധി റോഡ്- മിനി ബൈപാസ് റോഡ് നിര്‍മാണത്തിന് തുടക്കം. റോഡ് പണിയുടെ മുന്നോടിയായി മണ്ണെടുത്ത് നിരപ്പാക്കലും അളന്ന് തിട്ടപ്പെടുത്തലുമാണ് തുടങ്ങിയത്. റോഡരികില്‍ സ്ഥലം എറക്കുറെ ഏറ്റെടുത്ത് വീതികൂട്ടിയിട്ടും ടാറിടല്‍ നീളുകയായിരുന്നു. എരഞ്ഞിപ്പാലം ബൈപാസും ബീച്ച് റോഡുമായി ക്രിസ്ത്യന്‍ കോളജ് ജങ്ഷന്‍, ഗാന്ധിറോഡ് മേല്‍പ്പാലം വഴി ബന്ധിപ്പിക്കുന്ന റോഡ് നിലവില്‍ വന്നാല്‍ നഗരത്തില്‍ തിരക്ക് വലിയൊരളവോളം കുറക്കാനാവും. തീരദേശ റോഡ് ബീച്ചില്‍ വന്നതോടെ വളരെ പ്രധാനപ്പെട്ട പാതയായി ഇതു മാറും. മലിനജല പദ്ധതിയുടെയും കുടിവെള്ളത്തിന്‍െറയും കുഴലുകള്‍കൂടി സ്ഥാപിച്ചിട്ട് റോഡ് പണി തുടങ്ങാമെന്ന തീരുമാനവും സ്ഥലം പൂര്‍ണമായി കിട്ടാത്തതുമാണ് വൈകാന്‍ കാരണം. ഇതിന് പ്രതിവിധിയായി ജില്ലാ സൈനിക ക്ഷേമ ബോര്‍ഡിന്‍െറ സ്ഥലം ഏറ്റെടുത്തുകൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ബി.എസ്.എന്‍.എല്‍ ഓഫിസിന്‍െറ ഏറ്റെടുത്ത സ്ഥലത്ത് മതില്‍കെട്ടാന്‍ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഗാന്ധിറോഡ്-മിനിബൈപാസ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജര്‍ പി.എ.എം. ഇക്ബാലുമായും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.പി. ദാസന്‍, കണ്‍വീനര്‍ പി. കിഷന്‍ ചന്ദ്, ദിനേഷ് ഇടോളക്കണ്ടി, കെ.ജെ. ഉപേന്ദ്രനാഥ്, പി.വി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.