300 പാക്കറ്റ് ബ്രൗണ്‍ ഷുഗറുമായി മുംബൈ സ്വദേശി പിടിയില്‍

കോഴിക്കോട്: 300 പാക്കറ്റ് ബ്രൗണ്‍ ഷുഗറുമായി മുംബൈ സ്വദേശി കല്ലായിപ്പാലത്തിനടിയില്‍നിന്ന് പൊലീസ് പിടിയിലായി. മുംബൈ ധാരാവി അക്ബര്‍ ഷെയ്ക് എന്ന സൈദ് നദാറാണ് (45) ചെമ്മങ്ങാട് എസ്.ഐ പി.എം. വിമോദിന്‍െറ നേതൃത്വത്തിലുള്ള സംഘത്തിന്‍െറ പിടിയിലായത്. വിപണിയില്‍ മൂന്ന് ലക്ഷം രൂപ വിലയുള്ള മയക്കുമരുന്നാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. 1000 മുതല്‍ 1500 രൂപവരെ വിലക്ക് ചെറിയ പാക്കറ്റുകളിലാക്കിയാണ് വില്‍പന. കുട്ടികളുടെ കുപ്പായത്തിനുള്ളില്‍ മയക്കുമരുന്ന് പാക്കറ്റുകള്‍ ഒട്ടിച്ചുവെച്ച് നിരത്തരികില്‍ ഉടുപ്പുവില്‍പനക്കാരനെന്ന വ്യാജേന ഉടുപ്പും ബാഗിലിട്ട് കച്ചവടംനടത്തലാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പിടികൂടുമെന്ന ഘട്ടം വന്നാല്‍ ഉടുപ്പ് ഉപേക്ഷിച്ച് രക്ഷപ്പെടും. കേരളത്തില്‍നിന്ന് മയക്കുമരുന്ന് അന്വേഷിച്ച് ഏറെ പേര്‍ എത്തുന്ന കാര്യം മനസ്സിലാക്കി ഇവിടേക്ക് ബ്രൗണ്‍ഷുഗറുമായി എത്തിയപ്പോഴാണ് അറസ്റ്റ്. ജില്ലയില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു ലക്ഷ്യം. മുംബൈയില്‍നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്.മുംബൈ ധാരാവി ചേരിയില്‍ വളര്‍ന്ന ഇയാള്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും. ഇതിനുമുമ്പ് പലതവണ കേരളത്തില്‍ വിവിധ ജില്ലകളില്‍ ഇയാളത്തെിയതായി പൊലീസിന് സൂചന കിട്ടി. കേരളത്തില്‍ ആരോടൊക്കെ പ്രതി ബന്ധപ്പെട്ടുവെന്ന് അന്വേഷിച്ചുവരുകയാണ്. സിറ്റി പൊലീസ് കമീഷണര്‍ ഉമ ബഹ്റക്ക് കിട്ടിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സൗത് അസി. കമീഷണര്‍ എ.ജെ. ബാബു, ടൗണ്‍ സി.ഐ കെ.എ. ബോസ്, സി.ഐ ടി.കെ. അഷ്റഫ് എന്നിവരുടെയും സിറ്റി ക്രൈം സ്ക്വാഡിന്‍െറയും നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. സിറ്റി ക്രൈം സ്ക്വാഡിലെ എസ്.ഐ കെ.പി. സൈതലവി, സീനിയര്‍ സി.പി.ഒമാരായ മോഹന്‍ദാസ്, ടി.പി. ബിജു, സി.പി.ഒമാരായ കെ.ആര്‍. രാജേഷ്, അനീഷ് മൂസേന്‍വീട്, കെ.പി. ഷജുല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.