നിയമം കാത്ത് കെ.എസ്.ആര്‍.ടി.സി ; സ്വന്തം കെട്ടിടത്തില്‍നിന്ന് നയാപൈസ വരുമാനമുണ്ടാക്കാനാകുന്നില്ല

കോഴിക്കോട്: ശമ്പളം കൊടുക്കണോ ജീവനക്കാരെ പിരിച്ചുവിടണോ ബസുകള്‍തന്നെ വെട്ടിക്കുറക്കണോ എന്ന ആശങ്കയിലാണ് കെ.എസ്.ആര്‍.ടി.സി. പക്ഷേ, ഇവിടെ ഇതാ 70 കോടിക്ക് നിര്‍മിച്ച സ്വന്തം കെട്ടിടത്തില്‍നിന്ന് നയാപൈസപോലും വരുമാനമുണ്ടാക്കാന്‍ കഴിയാതെ കോര്‍പറേഷന്‍ വലയുന്നു. കോഴിക്കോട് മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന്‍േറതാണ് കഥ. 2015 ജൂണില്‍ ഉദ്ഘാടനം കഴിഞ്ഞ കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഒക്ടോബറില്‍ ടെന്‍ഡര്‍ തുറന്നെങ്കിലും കേസുകളില്‍ തീര്‍പ്പാകാത്തതാണ് കാരണം. മുക്കം ആസ്ഥാനമായ മാക് അസോസിയേറ്റ്സിനാണ് ടെന്‍ഡര്‍ ലഭിച്ചത്. എന്നാല്‍, ആവശ്യമായ തുക നിശ്ചിത സമയത്ത് അടച്ചില്ല. 50 കോടി തിരിച്ചുലഭിക്കാത്ത നിക്ഷേപവും അഞ്ചുലക്ഷം രൂപ പ്രതിമാസ വാടകക്കുമായിരുന്നു ടെന്‍ഡര്‍. നിശ്ചിത സമയത്ത് അഞ്ചു കോടി മാത്രമാണ് മാക് അടച്ചത്. ഇതോടെ, ടെന്‍ഡറില്‍ പങ്കെടുത്ത രണ്ടാമത്തെ കക്ഷി കേസിന് പോയി. ടെന്‍ഡര്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്യുകയും പിന്നീട് ഇത് നീക്കുകയും ചെയ്തെങ്കിലും കെ.ടി.ഡി.എഫ്.സിയും കമ്പനിയും തമ്മിലുള്ള ധാരണ ഒപ്പുവെക്കണമെങ്കില്‍ കേസില്‍ തീര്‍പ്പാകണം. അതിനുമുമ്പ് അഗ്നിസുരക്ഷാ വിഭാഗത്തിന്‍െറ സര്‍ട്ടിഫിക്കറ്റും ലഭ്യമാകണം. 14 നിലയുള്ള കെട്ടിടത്തില്‍ താഴെ നിലയില്‍ പാര്‍ക്കിങ്ങും ഒരു നിലയില്‍ പാതിഭാഗത്തെ ഓപറേറ്റിങ് ഓഫിസും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 30 വര്‍ഷത്തേക്ക് പാട്ടത്തിനാണ് കെ.എസ്.ആര്‍.ടി.സി സ്ഥലം കെ.ടി.ഡി.എഫ്.സിക്ക് കൈമാറിയത്. കെട്ടിടത്തിന്‍െറ പകുതി വരുമാനം കെ.എസ്.ആര്‍.ടി.സിക്ക് നല്‍കണം എന്നാണ് ചട്ടം. മാത്രമല്ല, നേരത്തേ ഹോര്‍ഡിങ്, മില്‍മ ബൂത്ത് എന്നിവക്ക് ലഭിച്ചിരുന്ന വാടക നഷ്ടമാവുകയും ടെര്‍മിനലില്‍ സൗകര്യമില്ലാത്തതിനാല്‍ ഹാള്‍ട്ട് ചെയ്യേണ്ട ബസുകള്‍ പാവങ്ങാട്ടേക്ക് പോകേണ്ടതിനാല്‍ ഇതുവഴി പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടവും ഉണ്ടാകുന്നു. പാര്‍ക്കിങ്, കംഫര്‍ട്ട് സ്റ്റേഷന്‍ എന്നിവയില്‍നിന്ന് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും വൈദ്യുതി ബില്‍ അടക്കാന്‍പോലും തികയില്ളെന്നാണ് കെ.ടി.ഡി.എഫ്.സിയുടെ പക്ഷം. അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന കെട്ടിടം. ഇവിടെയാണ് ജീവനക്കാര്‍ക്ക് താമസസൗകര്യം, സോണല്‍ ഓഫിസ്, ഡി.ടി.ഒ ഓഫിസ് എന്നിവ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, ഈ കെട്ടിടത്തില്‍ വെള്ളമോ വെളിച്ചമോ കെട്ടിടത്തിന് നമ്പര്‍പോലുമോ ഇല്ല. നമ്പര്‍ കിട്ടണമെങ്കില്‍ അഗ്നിശമന വിഭാഗത്തിന്‍െറ അനുമതി വേണം. ഇതുസംബന്ധിച്ച അഗ്നിശമന വിഭാഗം ഡിവിഷനല്‍ ഓഫിസിന്‍െറ റിപ്പോര്‍ട്ട് ഹെഡ്ക്വാര്‍ട്ടേഴ്സിന്‍െറ പരിഗണനയില്‍ കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.