അഡ്വ. ഷാജിയുടെ വേര്‍പാട്: നഷ്ടമായത് ജനകീയപോരാട്ടത്തിന്‍െറ മുന്നണിപ്പോരാളിയെ

താമരശ്ശേരി: വികസനത്തിന്‍െറ മറവില്‍ ഭരണകൂടവും വ്യവസായലോബിയും ചേര്‍ന്ന് സാധാരണക്കാരുടെ മേല്‍ അടിച്ചേല്‍പിച്ച ഭീകരതക്കെതിരെ പ്രതിരോധം സൃഷ്ടിച്ച ജനകീയ മുന്നേറ്റത്തിന്‍െറ മുന്നണിപ്പോരാളിയെയാണ് അഡ്വ. ഷാജിയുടെ വേര്‍പാടുമൂലം നാടിന് നഷ്ടമായത്. വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഗെയില്‍ കമ്പനി ഏകപക്ഷീയമായി ആരംഭിച്ച സര്‍വേ നടപടികളില്‍ ചകിതരായ സാധാരണക്കാര്‍ക്ക് നിയമത്തിന്‍െറ വഴികളിലൂടെ തടയാനുള്ള ആര്‍ജവം നല്‍കിയത് ഇദ്ദേഹത്തിന്‍െറ നേതൃത്വപരമായ പ്രവര്‍ത്തനമാണ്. നിര്‍ദിഷ്ട വാതക ലൈന്‍ കടന്നുപോവുന്ന പ്രദേശത്തെ സ്ഥലവും വീടും നഷ്ടപ്പെടുന്നവരെ സംഘടിപ്പിച്ച് കമ്മിറ്റികള്‍ രൂപവത്കരിച്ച് ശക്തമായ പ്രതിരോധം തീര്‍ക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിക്ടിങ് ഫോറം ജില്ല കണ്‍വീനറും സംസ്ഥാന വൈസ് ചെയര്‍മാനുമായ ഷാജി ജില്ലയിലെ വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തുടനീളവും പദ്ധതിയുടെ ഭവിഷ്യത്തുകളെക്കുറിച്ച് ബോധവത്കരണം നടത്തി സംഘടിത ശക്തിയെ വളര്‍ത്തിയെടുത്തു. അസംഘടിതരും നിരാലംബരുമായ ഇവരെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ കൈയൊഴിഞ്ഞപ്പോള്‍ വിവരാവകാശ നിയമത്തിലൂടെ വിശദാംശങ്ങള്‍ കരസ്ഥമാക്കി അധികൃതരെ പ്രതിരോധത്തിലാക്കി. കഴിഞ്ഞദിവസം താമരശ്ശേരി ചാലക്കരയില്‍ സര്‍വേക്കത്തെിയ റവന്യൂ അധികൃതരടക്കമുള്ള ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ ഒന്നടങ്കം സംഘടിച്ച് തടയുകയായിരുന്നു. അസിസ്റ്റന്‍റ് കലക്ടറുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയേ സ്ഥാപിക്കാവൂ എന്ന മാര്‍ഗരേഖ വ്യക്തമാക്കിയതോടെ അധികൃതര്‍ക്ക് ഉത്തരം മുട്ടുകയായിരുന്നു. തുടര്‍ന്ന് ഹൈകോടതിയില്‍നിന്ന് സര്‍വേക്ക് സ്റ്റേ വാങ്ങിയതും ഷാജിയുടെ നേതൃത്വത്തിലാണ്. ജനകീയ പ്രക്ഷോഭത്തില്‍ ലാഭേച്ഛയില്ലാതെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നാട്ടുകാര്‍ക്കിടയില്‍ ഷാജിയെ പൊതുസമ്മതനാക്കിയത്. ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തിന് തീരാനഷ്ടമാണ് ഷാജിയുടെ ദേഹവിയോഗം വരുത്തിവെച്ചത്. ചൊവ്വാഴ്ച രാവിലെ പത്തിന് ലക്ഷദ്വീപിലെ വിനോദസഞ്ചാര കേന്ദ്രമായ ചെറിയം ദ്വീപില്‍ കുളിക്കുന്നതിനിടെയാണ് മുങ്ങിമരിച്ചത്. ഒൗദ്യോഗിക കൃത്യനിര്‍വഹണത്തിന് ആന്ദ്രോത്ത് കോടതിയില്‍ എത്തിയതായിരുന്നു ഷാജി. കോഴിക്കോട് താമരശ്ശേരി ബാറിലെ അഭിഭാഷകനാണിദ്ദേഹം.മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഷാജിയുടെ സംസ്കാര ചടങ്ങില്‍ കാരാട്ട് റസാഖ് എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ വി.എം. ഉമ്മര്‍ മാസ്റ്റര്‍, സി. മോയിന്‍കുട്ടി, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗം പി.കെ. അബ്ദുറഹ്മാന്‍, ജില്ല പ്രസിഡന്‍റ് അസ്ലം ചെറുവാടി, കൊടുവള്ളി മണ്ഡലം പ്രസിഡന്‍റ് അഡ്വ. സകരിയ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.