മെഡിക്കല്‍ കോളജ് : ആരോഗ്യമന്ത്രി ഇടപെട്ടിട്ടും ലിഫ്റ്റുകള്‍ പലതും നേരെയായില്ല

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ ലിഫ്റ്റുകള്‍ നേരെയാക്കുന്നതിന് ആരോഗ്യമന്ത്രി ഇടപെട്ടിട്ടും പരിഹാരമായില്ല. എന്‍.എം.സി.എച്ചിലെ പ്രധാന ബ്ളോക്കിലെ ആകെയുള്ള എട്ട് ലിഫ്റ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മെഡിസിന്‍ വാര്‍ഡിലെയും ഒ.പിയിലെയും ഹെമറ്റോ ഓങ്കോളജി വാര്‍ഡിലെയും ലിഫ്റ്റുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഹെമറ്റോ വാര്‍ഡിലെ ലിഫ്റ്റ് മുമ്പുതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊഴിച്ചുള്ള മറ്റ് ലിഫ്റ്റുകളെല്ലാം ആഴ്ചകള്‍ക്കുമുമ്പ് തകരാറിലായിരുന്നു. ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതുമൂലം അത്യാസന്ന നിലയിലുള്ള രോഗികളെയും മറ്റുമായി വീല്‍ചെയറുകളില്‍ ഏറെദൂരം ചുറ്റേണ്ടിവരുന്നതിന്‍െറ ബുദ്ധിമുട്ടിനെക്കുറിച്ച് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. നവംബര്‍ 28ന് ഇ.എന്‍.ടി വിഭാഗത്തിലെ ഓഡിയോളജി ആന്‍ഡ് സ്പീച്ച് പത്തോളജി സെന്‍റര്‍ ഉദ്ഘാടനത്തിനത്തെിയപ്പോള്‍ രോഗികളുടെ ദുരിതം ശ്രദ്ധയില്‍പെട്ട ആരോഗ്യമന്ത്രി ലിഫ്റ്റുകള്‍ പെട്ടെന്ന് നേരെയാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശം കൂടാതെ ആരോഗ്യവകുപ്പും ഇക്കാര്യത്തില്‍ ഇടപെട്ടു. എന്നാല്‍, നിര്‍ദേശം നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും ആകെ രണ്ട് ലിഫ്റ്റുകള്‍ മാത്രമാണ് പ്രവര്‍ത്തനയോഗ്യമാക്കിയത്. ഇതില്‍തന്നെ ആശുപത്രി ഉപകരണങ്ങളും മറ്റും കൊണ്ടുപോവുന്നതിനാല്‍ രോഗികള്‍ക്ക് പലപ്പോഴും ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നു. ഡയാലിസിസ് വിഭാഗത്തിലേക്കത്തെുന്ന ഒന്നാം ലിഫ്റ്റ്, ഓര്‍ത്തോ പുരുഷ ഒ.പിയിലേക്കത്തെുന്ന മൂന്നാം ലിഫ്റ്റ്, ഓര്‍ത്തോ സ്ത്രീ ഒ.പിയിലേക്കത്തെുന്ന നാലാം ലിഫ്റ്റ് തുടങ്ങിയവയാണ് പ്രവര്‍ത്തിക്കാത്തത്. കഴിഞ്ഞദിവസം ഇവ നേരെയാക്കാന്‍ ലിഫ്റ്റ് കമ്പനി അധികൃതര്‍ എത്തിയിരുന്നെങ്കിലും ഏറെക്കാലമായി പ്രവര്‍ത്തനമില്ലാത്തതിനാല്‍ ഓണ്‍ ചെയ്യാന്‍ പോലും പറ്റിയില്ല. അടുത്തുതന്നെ ഇവയുടെ തകരാര്‍ പരിഹരിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആശുപത്രിയിലെ ലിഫ്റ്റുകള്‍ ഇടക്കിടെ തകരാറിലാവുന്നതുമൂലം ദുരിതത്തിലാവുന്നത് രോഗികളും ബന്ധുക്കളുമാണ്. കൃത്യമായ സര്‍വിസ് നടത്താത്തതും കുറഞ്ഞ സാങ്കേതിക നിലവാരമുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതുമാണ് ഇടക്കിടെ നിന്നുപോവാന്‍ കാരണമെന്ന് രോഗികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.