കോഴിക്കോട്: നോട്ടുമാറ്റ പ്രതിസന്ധി ഒരു മാസം പിന്നിടാനിരിക്കെ സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ബജറ്റ് താളം തെറ്റി. വായ്പകള്‍, സ്കൂള്‍ ഫീസ്, വീട്ടുവാടക, പത്രം, പാല്‍, കുട്ടികളുടെ വാഹന വാടക എന്നിവയെല്ലാം നല്‍കേണ്ടത് മാസത്തിലെ അഞ്ചാം തീയതിക്കുള്ളിലാണ്. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടക്കം ശമ്പളം പൂര്‍ണമായി കിട്ടിയിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ പലതിലും ശമ്പളം എന്ന് കിട്ടുമെന്നുപോലും ഉറപ്പില്ല. കടകളുടെ വാടകപ്പിരിവിന്‍െറ കാര്യവും സമാനമാണ്. ഇത് കാരണം പല കെട്ടിട ഉടമകളും വാടക പോലും പിരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പലചരക്ക് കടകളിലെ പറ്റുകൂടി കൊടുക്കാന്‍ വൈകുന്നതോടെ പല കുടുംബങ്ങളും അര്‍ധ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടാവും. ഇപ്പോള്‍ തന്നെ കച്ചവടം കുറവായതിനാല്‍ പറ്റ് തീര്‍ക്കാത്തവര്‍ക്ക് സാധനങ്ങള്‍ കൊടുക്കാന്‍ കടക്കാര്‍ തയാറാവുന്നില്ല. അവധിപ്പിറ്റേന്ന് ബാങ്ക് തുറന്നതോടെ നോട്ടിനും ചില്ലറക്കുമായുള്ള നെട്ടോട്ടം തിങ്കളാഴ്ചയും തുടരുകയാണ്. ശമ്പളം പിന്‍വലിക്കാനായി സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കൂടി എത്തിയതാണ് ബാങ്കുകളില്‍ തിരക്ക് കൂടാന്‍ കാരണം. ബാങ്കുകളില്‍ പണം പിന്‍വലിക്കാന്‍ എത്തിയവരുടെ നീണ്ടനിരയാണ് ഉണ്ടായിരുന്നത്. ചില ബാങ്കുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ മാത്രമാണ് നല്‍കിയത്. രാവിലെ ഏഴു മുതല്‍ എ.ടി.എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ നീണ്ട വരി രൂപപ്പെട്ടു. പേരാമ്പ്ര, താമരശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിലെ ബാങ്കുകളില്‍ രാവിലെ മുതല്‍ ഇടപാടുകാരുടെ നീണ്ടനിരയായിരുന്നു. മാനാഞ്ചിറയിലെ എസ്.ബി.ഐ എ.ടി.എമ്മുകളില്‍ നൂറുരൂപ ലഭിക്കുന്ന എ.ടി.എമ്മിന് മുന്നിലും നല്ല തിരക്കായിരുന്നു. പണമുള്ളിടങ്ങളില്‍തന്നെ ചില്ലറക്കായി ജനം വലഞ്ഞു. 2000 രൂപ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക വരി ഏര്‍പ്പെടുത്തിയെങ്കിലും ഇത് പലരും ഉപയോഗിച്ചില്ല.ഇതോടെ ഉച്ചയോടെ നൂറ്, അമ്പത് രൂപ നോട്ടുകള്‍ തീര്‍ന്നു. ഉച്ചകഴിഞ്ഞ് 2000ത്തിന്‍െറ മാത്രമാണ് മാനാഞ്ചിറ എസ്.ബി.ഐ എ.ടി.എമ്മില്‍ ഉണ്ടായിരുന്നത്. മിക്ക ബ്രാഞ്ചുകളില്‍ ആവശ്യത്തിന് പണം ഇല്ലാത്തതിനാല്‍ 20,000 വും അതില്‍ താഴെയുമാണ് ലഭ്യമായത്. ബാങ്കുകളില്‍ ഇപ്പോഴും പ്രതിസന്ധിക്ക് വലിയ മാറ്റമില്ളെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച ആര്‍.ബി.ഐയില്‍നിന്ന് കിട്ടിയ പണം കൊണ്ടാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. നോട്ട് നിക്ഷേപം സജീവമാകണമെങ്കില്‍ ഇനിയും സമയമെടുക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.