ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കും –മൃണ്‍മയി ജോഷി

കോഴിക്കോട്: കോര്‍പറേഷന്‍െറ പുതിയ സെക്രട്ടറിയായി ഐ.എ.എസ് ഓഫിസറായ മൃണ്‍മയി ജോഷി ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെയാണ് അവര്‍ കോര്‍പറേഷന്‍ ഓഫിസിലത്തെി പുതിയ സ്ഥാനമേറ്റെടുത്തത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് താന്‍ പ്രഥമപരിഗണന നല്‍കുകയെന്ന് അവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കോര്‍പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുമായി കൂടുതല്‍ ആലോചിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കും -മൃണ്‍മയി പറഞ്ഞു. 40 വര്‍ഷത്തിനുശേഷം കോഴിക്കോടിനു കിട്ടുന്ന ഐ.എ.എസുകാരിയായ കോര്‍പറേഷന്‍ സെക്രട്ടറിയാണ് മൃണ്‍മയി ജോഷി. കോഴിക്കോടിന്‍െറ വികസനംതന്നെയായിരിക്കും തന്‍െറ മുഖ്യ അജണ്ടയെന്നും, ഇതിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും സെക്രട്ടറി പറഞ്ഞു. നഗരത്തിന്‍െറ പ്രധാന പ്രശ്നങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അറിയാനായി ചുമതലയേറ്റ ദിവസംതന്നെ അവര്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ നവംബര്‍ 23നാണ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകളിലെ സെക്രട്ടറിമാരായി ഐ.എ.എസ് ഓഫിസര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. കോര്‍പറേഷന്‍ സെക്രട്ടറിയായി ഒരു ഐ.എ.എസ് ഓഫിസര്‍ക്ക് താരതമ്യേന കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്നും, ഒരു വിശാലമായ പ്രവര്‍ത്തനമേഖലയാണ് ഇതെന്നും അവര്‍ പറഞ്ഞു. കോഴിക്കോടിനെക്കുറിച്ച് അധികമൊന്നുമറിയില്ളെങ്കിലും ഇവിടത്തുകാരുടെ ആതിഥേയത്വത്തെക്കുറിച്ചും സഹകരണത്തെക്കുറിച്ചും മൃണ്‍മയി ജോഷി ഇതിനോടകം കേട്ടറിഞ്ഞിട്ടുണ്ട്. പുതിയ സെക്രട്ടറിയായി ഇവിടെയത്തെിയ ദിവസംതന്നെ നഗരത്തിലുള്ളവരുടെയും കോര്‍പറേഷന്‍ ജീവനക്കാരുടെയും ആതിഥേയത്വവും നന്മയും താന്‍ അനുഭവിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് സര്‍വിസിലിരിക്കെ അവിടത്തുകാര്‍ നല്‍കിയ സ്നേഹത്തെയും സഹകരണത്തെയും സെക്രട്ടറി സ്മരിച്ചു. 26കാരിയായ ഇവര്‍ പുണെ സ്വദേശിയാണ്. 2013ലെ ഐ.എ.എസ് ബാച്ചില്‍ 98ാമത് റാങ്കോടെ പുറത്തിറങ്ങിയ ഈ യുവ സെക്രട്ടറി കോഴിക്കോട്ട് തനിക്ക് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.