കാലിക്കറ്റില്‍ 25 കോടി ചെലവില്‍ പുതിയ പരീക്ഷ ഭവന്‍

തേഞ്ഞിപ്പലം: 25 കോടി രൂപ ചെലവില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതിയ പരീക്ഷ ഭവന്‍ നിര്‍മിക്കാന്‍ പദ്ധതി. 30,000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഉത്തരക്കടലാസ് സൂക്ഷിക്കല്‍ ഉള്‍പ്പെടെ മുഴുവന്‍ സംവിധാനവുമുണ്ട്. മരാമത്ത്-ആസൂത്രണ സ്ഥിരം സമിതിയുടെ ശിപാര്‍ശ ശനിയാഴ്ച ചേരുന്ന സിന്‍ഡിക്കറ്റ് യോഗത്തിന്‍െറ അംഗീകാരത്തിന് വിട്ടു.സംസ്ഥാന സര്‍ക്കാറിന്‍െറ പദ്ധതിവിഹിത ഫണ്ടില്‍നിന്ന് 25 കോടി വകയിരുത്തുകയും ചെയ്തിട്ടുണ്ട്. സിന്‍ഡിക്കറ്റിന്‍െറ അംഗീകാരം ലഭിക്കുന്നതോടെ നിര്‍മാണ പ്രവൃത്തി തുടങ്ങാനാവും. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നതാണ് നിലവിലെ പരീക്ഷ ഭവന്‍. കോളജുകളുടെയും വിദ്യാര്‍ഥികളുടെയും എണ്ണം വര്‍ധിച്ചതാണ് അസൗകര്യങ്ങള്‍ക്ക് കാരണം. പലയിടത്തും കൊണ്ടുതള്ളുന്നതിനാല്‍ ഉത്തരക്കടലാസ് കാണാതാകല്‍ പതിവാണ്. ഉത്തരക്കടലാസ് സൂക്ഷിക്കാന്‍ കൃത്യമായ സംവിധാനമില്ലാത്തതാണ് ഇതിനു കാരണമായി വിവിധ അന്വേഷണ സമിതികള്‍ റിപ്പോര്‍ട്ട് നല്‍കിയത്. കടലാസ് രഹിത ഓഫിസ് എന്ന സങ്കല്‍പവും പുതിയ പരീക്ഷ ഭവന്‍ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. സിന്‍ഡിക്കറ്റ് അംഗീകാരം ലഭിക്കുന്നതോടെ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങാന്‍ കഴിയുമെന്ന് മരാമത്ത്-ആസൂത്രണ സ്ഥിരം സമിതി കണ്‍വീനര്‍ കെ. വിശ്വനാഥന്‍ പറഞ്ഞു. ഒന്നരമാസത്തിനുശേഷമാണ് സിന്‍ഡിക്കറ്റ് യോഗം ചേരുന്നത്. ഫാക്കല്‍റ്റി ഡീന്‍ പുന$സംഘടിപ്പിച്ചത് ഇടതു സിന്‍ഡിക്കറ്റംഗങ്ങള്‍ ചോദ്യം ചെയ്തേക്കും. ഈ വിഷയത്തില്‍ വി.സി. അധികാരദുര്‍വിനിയോഗം നടത്തിയെന്നാണ് ഇടതുപക്ഷത്തിന്‍െറ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇടതു അധ്യാപക സംഘടനകള്‍ സിന്‍ഡിക്കറ്റ് യോഗം നടക്കുന്ന ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന്‍െറ പി.എച്ച്.ഡി പ്രബന്ധ മോഷണ വിവാദവും യോഗം ചര്‍ച്ച ചെയ്യും. നൂറോളം അജണ്ടകളാണ് യോഗം പരിഗണിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.