ആവശ്യത്തിന് പണമത്തെിയില്ല ; പെന്‍ഷന്‍ വിതരണം വീണ്ടും താളംതെറ്റി

കോഴിക്കോട്: ജില്ലയിലെ ട്രഷറികളില്‍ പെന്‍ഷന്‍ വിതരണം രണ്ടാം ദിവസവും താളംതെറ്റി. ആവശ്യപ്പെട്ടത്ര തുക ബാങ്കുകള്‍ എത്തിക്കാത്തതാണ് വിതരണത്തെ ബാധിച്ചത്. കോഴിക്കോട് പെന്‍ഷന്‍ പേമെന്‍റ് ട്രഷറിയുടെ പ്രവര്‍ത്തനം ഉച്ചയോടെ പൂര്‍ണമായും നിലച്ചു. മിക്കയിടത്തും അതിരാവിലെതന്നെ ആളുകള്‍ എത്തി ടോക്കണെടുത്തെങ്കിലും പലര്‍ക്കും തുക ലഭിച്ചില്ല. കോര്‍ ബാങ്കിങ് സംവിധാനം നിലവിലുള്ളതിനാല്‍ ചിലര്‍ മറ്റിടങ്ങളില്‍നിന്ന് പണം കൈപ്പറ്റി. ചിലയിടങ്ങളില്‍ മാത്രമാണ് പെന്‍ഷന്‍ 24000 രൂപവരെ നല്‍കിയത്. പണത്തിന്‍െറ കുറവു കാരണം അധികയിടത്തും പരമാവധി തുക 10,000 രൂപയാക്കി നിജപ്പെടുത്തുകയായിരുന്നു. 2000 രൂപയുടെ നോട്ടാണ് അധിക സ്ഥലത്തുനിന്നും കിട്ടിയത് എന്നതിനാല്‍ ആളുകള്‍ ചില്ലറയാക്കാന്‍ ഏറെ ബുദ്ധിമുട്ടി. പേരാമ്പ്ര സബ് ട്രഷറിയില്‍ ഒരുകോടി ആവശ്യപ്പെട്ടിട്ട് 15 ലക്ഷവും മുക്കത്ത് 80 ലക്ഷത്തിന് 14 ലക്ഷവും തൊട്ടില്‍പാലത്ത് 50 ലക്ഷത്തിന് കേവലം നാല് ലക്ഷവുമാണ് എത്തിയത്. ഇതോടെ ഇവിടങ്ങളിലത്തെിയവരില്‍ ഭൂരിഭാഗവും പെന്‍ഷന്‍ കിട്ടാതെ മടങ്ങി. അതിരാവിലെ ടോക്കണ്‍ എടുത്തവര്‍ക്ക് ശനിയാഴ്ച മുന്‍ഗണന നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം കൊയിലാണ്ടി, കൊടുവള്ളി, മാനാഞ്ചിറ, കല്ലാച്ചി, കൂരാച്ചുണ്ട്, വടകര, പയ്യോളി എന്നിവിടങ്ങളിലെ സബ് ട്രഷറികള്‍ക്ക് ആവശ്യപ്പെട്ടത്ര തുക ലഭിച്ചതിനാല്‍ പെന്‍ഷന്‍ ഉള്‍പ്പെടെ പണവിതരണം കാര്യക്ഷമമായിരുന്നു. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പെന്‍ഷന്‍ പേമെന്‍റ് ട്രഷറി അധികൃതര്‍ എസ്.ബി.ഐയോട് 2.20 കോടി ആവശ്യപ്പെട്ടിട്ട് 50 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞദിവസം ബാക്കിയിരിപ്പുള്ള 15 ലക്ഷം ഉള്‍പ്പെടെ രാവിലെ മുതല്‍ 24000 വരെയെന്ന തോതില്‍ 65 ലക്ഷം രൂപ വിതരണം ചെയ്തെങ്കിലും ഉച്ചയോടെ പണം തീര്‍ന്നു. അതിരാവിലെതന്നെ ടോക്കണ്‍ വാങ്ങി കാത്തുനിന്നവര്‍ ഇതോടെ പണം കിട്ടാതെ മടങ്ങി. ചിലര്‍ മാനാഞ്ചിറയിലെ അഡീഷനല്‍ സബ് ട്രഷറിയിലത്തെി പണം കൈപ്പറ്റി. കോഴിക്കോട്ടെ ജില്ല ട്രഷറി ഒരുകോടി രൂപ ആവശ്യപ്പെട്ടിട്ട് 50 ലക്ഷമാണ് ലഭിച്ചത്. ഇവിടെയും രാവിലെ മുതല്‍ വിതരണം തുടങ്ങിയിരുന്നു. പെന്‍ഷന്‍കാരാണ് ഇവിടെയും അധികം എത്തിയത്. ശമ്പളം വാങ്ങാന്‍ അധികം ആളുകള്‍ എത്താത്തതിനാല്‍ ഇവിടെ വലിയ പ്രതിസന്ധി ഉണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.