കോഴിക്കോട്: വന്‍കിട കുത്തക കമ്പനികള്‍ പാട്ടക്കാലാവധി കഴിഞ്ഞും കൈവശം വെച്ച ഭൂമി പിടിച്ചെടുത്ത് കേരളത്തിലെ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറാവണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി പി.സി. ഹംസ. ഫ്ളാറ്റല്ല ഭൂമിയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലു ലക്ഷം ഭൂരഹിതര്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. ശക്തമായ രാഷ്ട്രീയ പ്രശ്നമാണിത്. ഭൂമി ഏറ്റെടുക്കാന്‍ കഴിയാതെ ഹാരിസണ്‍ മലയാളം അടക്കമുള്ള വന്‍കിട കുത്തക കമ്പനികളുടെ മുന്നില്‍ മുട്ടുവിറച്ചു നില്‍ക്കുകയാണ് മാറിമാറി വന്ന സര്‍ക്കാറുകള്‍. 1970ല്‍ അംഗീകരിച്ച ഭൂപരിഷ്കരണ നിയമം നിരവധി ഭേദഗതികളിലൂടെ ദുര്‍ബലമാക്കപ്പെട്ടതിനാല്‍ സമഗ്ര ഭൂപരിഷ്കരണത്തിന് സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. പി.സി ഭാസ്കരന്‍, എ.പി. വേലായുധന്‍, സുബൈദ കക്കോടി, ടി.കെ. മാധവന്‍, ശശീന്ദ്രന്‍ ബപ്പങ്ങാട്, മുസ്തഫ പാലാഴി എന്നിവര്‍ സംസാരിച്ചു. എരഞ്ഞിപ്പാലത്തുനിന്നും തുടങ്ങിയ മാര്‍ച്ചിന് പി.സി. മുഹമ്മദ് കുട്ടി, പൊന്നമ്മ ജോണ്‍സണ്‍, സാലിഹ് കൊടപ്പന, സണ്ണി ജോസഫ് തിരുവമ്പാടി, മധുസൂദനന്‍ നായര്‍, അന്‍വര്‍ സാദത്ത് കുന്ദമംഗലം, എം.എ ഖയ്യും എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.