മാവൂര്‍: അധികാരത്തര്‍ക്കം നിലനില്‍ക്കുന്ന മാവൂര്‍ കല്‍ച്ചിറ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്‍െറ ഭരണം ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ക്ഷേത്ര ഊരാളന്മാര്‍ക്ക് കൈമാറി. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് കോഴിക്കോട് താലൂക്ക് തഹസില്‍ദാര്‍ ബാലന്‍െറയും അസി. പൊലീസ് കമീഷണര്‍ ഇ.പി. പൃഥ്വിരാജിന്‍െറയും സാന്നിധ്യത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അധികാരികള്‍ ക്ഷേത്ര ഊരാളന്മാരുടെ മാനേജിങ് ട്രസ്റ്റിയായ പാലക്കോള്‍ നാരായണന്‍ നമ്പൂതിരിക്ക് താക്കോല്‍ കൈമാറിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഞായറാഴ്ച രാത്രി മുതല്‍ ജലപീരങ്കി അടക്കം വന്‍ പൊലീസ് സന്നാഹം ക്ഷേത്ര വളപ്പിലും പരിസരത്തും ഒരുക്കിയിരുന്നെങ്കിലും സമാധാനപരമായ അന്തരീക്ഷത്തിലാണ് അധികാര കൈമാറ്റം നടന്നത്. തുടര്‍ന്ന് ഊരാളന്മാരുടെ ശാന്തിക്കാരന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രഭാത പൂജാകര്‍മങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കുറച്ചു വര്‍ഷങ്ങളായി ക്ഷേത്ര സംരക്ഷണ സമിതിയും പാലക്കോള്‍, പാലങ്ങാട്ട്, വീട്ടിക്കാട്ട്, പറമ്പത്ത് എന്നീ നാല് ഇല്ലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്ഷേത്രം ഊരാളന്മാരും തമ്മില്‍ ഭരണം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്. തങ്ങള്‍ക്ക് അധികാരം തിരിച്ചുനല്‍കണമെന്നായിരുന്നു ഊരാളന്മാരുടെ ആവശ്യം. തുടര്‍ന്ന്, മലബാര്‍ ദേവസ്വം ബോര്‍ഡ് അധികാരം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് 2015 ജൂണ്‍ 10ന് ദേവസ്വം ബോര്‍ഡ് അധികാരികള്‍ എത്തിയപ്പോള്‍ സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള ക്ഷേത്ര സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത് പൊലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. ക്ഷേത്ര സംരക്ഷണസമിതി പ്രവര്‍ത്തകര്‍ ചേവായൂര്‍ സി.ഐ സന്തോഷ്കുമാറിനെയടക്കം കൈയേറ്റം ചെയ്തിരുന്നു. കൂടാതെ, മാവൂര്‍ അങ്ങാടിയിലെ കടകള്‍ക്കുനേരെ ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വ്യാപക ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഒടുവില്‍, ക്ഷേത്ര സംരക്ഷണ സമിതി നേതാക്കളും ഊരാളന്മാരുടെ പ്രതിനിധികളും മലബാര്‍ ദേവസ്വം ബോര്‍ഡ് അധികാരികളുടെ സാന്നിധ്യത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയുടെ ഫലമായി കഴിഞ്ഞ ഫെബ്രുവരി 15ന് മലബാര്‍ ദേവസ്വം ബോര്‍ഡ് സമാധാനപരമായ അന്തരീക്ഷത്തില്‍ ഭരണം ഏറ്റെടുത്തു. ഇതിനുശേഷം ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ കീഴില്‍ ഊരാളന്മാരുടെ നാലും ക്ഷേത്ര സംരക്ഷണ സമിതിയുടെ അഞ്ചും പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച സമിതിയാണ് ഭരണം നിര്‍വഹിച്ചിരുന്നത്. എന്നാല്‍, ഈ ഭരണത്തില്‍ അസംതൃപ്തരായ ഊരാളന്മാര്‍ വീണ്ടും ഹൈകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു. ഇതനുസരിച്ചാണ് തിങ്കളാഴ്ച പുലര്‍ച്ചെ അധികാരം കൈമാറിയത്. വൈകുന്നേരവും മാവൂര്‍ എസ്.ഐ ശശികുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് ക്ഷേത്രവളപ്പില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.