ഭീഷണിയായി വടകര താലൂക്ക് ഓഫിസ് വളപ്പിലെ പടുമരങ്ങള്‍

വടകര: താലൂക്ക് ഓഫിസിനു പിന്‍ഭാഗത്ത് വീടുകള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായി പടുമരങ്ങള്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. ഇക്കാര്യം ബോധ്യപ്പെടുത്തി നാട്ടുകാരും മറ്റും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവ മുറിച്ചുമാറ്റാന്‍ ആര്‍.ഡി.ഒ ഉത്തരവിറക്കിയെങ്കിലും നടപടിമാത്രം ഉണ്ടായില്ല. 2015 ജനുവരിയിലാണ് സമീപവാസികളുടെയും വടകര സബ്ജയില്‍ അധികൃതരുടെയും പരാതി കണക്കിലെടുത്ത് ആര്‍.ഡി.ഒ മരം മുറിച്ചുമാറ്റാന്‍ ഉത്തരവിറക്കിയത്. എന്നാല്‍, ജയില്‍ കെട്ടിടത്തിനു ഭീഷണിയായ രണ്ടു തെങ്ങുകള്‍ ഒഴിച്ച് മറ്റൊന്നും മുറിച്ചുമാറ്റിയില്ല. ഇതോടെ, താലൂക്ക് ഓഫിസിന്‍െറ വടക്കുഭാഗത്തെ അതിര്‍ത്തിയില്‍ നില്‍ക്കുന്ന കൂറ്റന്‍ മരങ്ങളും ഇതോടു ചേര്‍ന്നുള്ള വലിയ മതിലും അപകടക്കെണിയൊരുക്കി നില്‍ക്കുകയാണിവിടെ. മരത്തിന്‍െറ വേര് വലുതായി മതിലിന് വിളളല്‍ വന്ന് കല്ലുകള്‍ ഇളകിവീഴാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇക്കഴിഞ്ഞ ജൂണില്‍ ജയിലിന്‍െറ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. ഇതിനോട് ചേര്‍ന്നുള്ള മതിലാണ് ഭീഷണിയുയര്‍ത്തി നില്‍ക്കുന്നത്. ചോളം വയല്‍ ഭാഗത്തേക്ക് വാഹനങ്ങളും കാല്‍നട യാത്രക്കാരും പോകുന്ന വഴിയാണിത്. ഏതാണ്ട് നാലുമീറ്ററോളം ഉയരത്തിലാണിവിടെ മതിലുള്ളത്. അവിടെ, മതിലിനോട് ചേര്‍ന്നാണ് വലിയ മരങ്ങള്‍ കടപുഴകാന്‍ പാകത്തില്‍ നില്‍ക്കുന്നത്. ഈ ഭാഗം കാടുപിടിച്ചു കിടക്കുകയാണ്. തൊട്ടുതാഴെ രണ്ടുവീടുകളുണ്ട്. മരം വീണാല്‍ വീടുകള്‍ക്ക് അപകടം പറ്റുമെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് സമീപവാസികള്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന്, തഹസില്‍ദാര്‍ അന്വേഷണം നടത്തി 2014 നവംബറില്‍ ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് നല്‍കി. മതിലിന്‍െറ അരികിലുള്ള മരങ്ങള്‍ കടപുഴകാനും മതില്‍ തകരാനും സാധ്യത കൂടുതലാണെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. മരങ്ങള്‍ കടപുഴകിയാല്‍ സമീപത്തെ വീടുകള്‍ അപകടത്തിലാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരത്തിന്‍െറ ശാഖകള്‍ താലൂക്ക് ഓഫിസിന്‍െറ റെക്കോഡ് മുറിക്കും ഭീഷണിയാണ്. മരങ്ങള്‍ മുറിച്ചുനീക്കേണ്ടതും മതില്‍ ശക്തിപ്പെടുത്തുകയോ, പുനര്‍നിര്‍മിക്കുകയോ ചെയ്യേണ്ടതുമാണെന്നും ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന്, എല്ലാ പ്രവൃത്തികള്‍ക്കുമായി പത്തുലക്ഷം രൂപ ചെലവ് കണക്കാക്കി. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് സബ്ഡിവിഷനല്‍ മജിസ്ട്രേറ്റ് കൂടിയായ ആര്‍.ഡി.ഒ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഉത്തരവിട്ടത്. എന്നാല്‍, വര്‍ഷം ഒന്നു കഴിഞ്ഞിട്ടും നടപടികളൊന്നും ആയില്ല. മതില്‍ തകര്‍ന്നാല്‍ അത്, വലിയ ദുരന്തത്തിനുതന്നെ വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാണ്. സമീപത്തെ ജയില്‍ മതില്‍ തകര്‍ന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അപകടത്തെപ്പറ്റി ഉത്തരവാദപ്പെട്ടവരെ ബോധ്യപ്പെടുത്തിയിട്ടും നടപടിയെടുക്കാത്തതില്‍ ജീവനക്കാരുടെ സംഘടനകളും അമര്‍ഷത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.