കിഫ്ബി ധനസഹായം: ജില്ലയിലെ ഏഴു റോഡുകള്‍ക്ക് ഭരണാനുമതി

കോഴിക്കോട്: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിന്‍െറ (കിഫ്ബി) ധനസഹായത്തോടെ ജില്ലയിലെ ഏഴു റോഡുകള്‍ വീതികൂട്ടി പുനര്‍നിര്‍മിക്കാന്‍ ഭരണാനുമതി. 1271 കോടിയുടെ റോഡ് പദ്ധതിയിലെ 76 റോഡുകള്‍ക്കാണ് സര്‍ക്കാറിന്‍െറ ഭരണാനുമതി കഴിഞ്ഞദിവസം ലഭിച്ചത്. ഇതിലാണ് ജില്ലയിലെ ഏഴു പ്രധാന റോഡുകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇതില്‍ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ഉള്‍പ്പെട്ടിട്ടില്ല. കിഫ്ബി പുനരുജ്ജീവിപ്പിച്ച ശേഷമുള്ള ആദ്യ ഭരണാനുമതിയാണിത്. കിഫ്ബി റോഡ് പദ്ധതിയില്‍ പ്രഥമ പ്രവൃത്തിയായി മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിനെ പരിഗണിക്കുമെന്നാണ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. എന്നാല്‍, ഭരണാനുമതി ലഭിച്ച റോഡുകളുടെ പട്ടികയില്‍ ഈ റോഡില്ലാത്തത് ആശങ്കയുണര്‍ത്തിയിട്ടുണ്ട്. തിരൂര്‍- കടലുണ്ടി (15 കോടി), കോഴിക്കോട് -ബാലുശ്ശേരി (25), ചെറുവണ്ണൂര്‍- ബേപ്പൂര്‍ (25), വര്യട്ട്യാക്ക്- താമരശ്ശേരി (25), പയ്യോളി-പേരാമ്പ്ര (25), കളന്‍തോട്-കൂളിമാട് (15), മുട്ടുങ്ങല്‍-പക്രംതളം (30) തുടങ്ങി ഏഴു റോഡുകള്‍ക്കാണ് ഭരണാനുമതി. സ്ഥലമേറ്റെടുപ്പിനുള്ള തുകയടക്കമാണ് കിഫ്ബിയില്‍നിന്ന് തേടുന്നത്. ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാതെ കിഫ്ബി വഴി പണം കണ്ടത്തൊനുള്ള ധനവകുപ്പിന്‍െറ പുതിയ പദ്ധതിയില്‍ വൈകാതെ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡും ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായിവരുന്നതും നടപടികള്‍ പൂര്‍ത്തിയായ റോഡുകള്‍ക്കുമാണ് ഇപ്പോള്‍ ഭരണാനുമതി നല്‍കിയതെന്നാണ് അധികൃതരുടെ വിശദീകരണം. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന്‍െറ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് എത്രയും വേഗം കിഫ്ബി പദ്ധതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പ്രഥമ പദ്ധതിയെന്നു പറഞ്ഞിട്ടും പ്രസ്തുത റോഡ് ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിലാണ് ആശങ്ക. റോഡ് വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കേണ്ടതും മറ്റു കാര്യങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് കൈമാറിക്കഴിഞ്ഞതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.