നാദാപുരം കൊല: ഏരിയ സെക്രട്ടറിക്കെതിരായ കേസിനെതിരെ സി.പി.എം; പ്രക്ഷോഭമെന്ന് ലീഗ്

നാദാപുരം: തൂണേരിയില്‍ ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ആക്രമണത്തിന് പ്രേരണനല്‍കും വിധം പ്രകോപന പ്രസംഗം നടത്തിയതിന് പാര്‍ട്ടി ഏരിയ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തതിനെതിരെ സി.പി.എം രംഗത്ത്. മുസ്ലിം ലീഗ് നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ സി.കെ. നാസറിന്‍െറ പരാതിയിലാണ് നാദാപുരം പൊലീസ് ഏരിയ സെക്രട്ടറി പി.പി. ചാത്തുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ലീഗ് നേതാക്കളുമായി ഒരുവിഭാഗം പൊലീസുകാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി നേതാവിനെതിരെ കള്ളക്കേസ് എടുത്തതെന്ന് സി.പി.എം ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. തൂണേരിയില്‍ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ലീഗ് നേതാവിന്‍െറ പരാതിയില്‍ പൊലീസ് കേസെടുത്തത്. മതിയായ അന്വേഷണം നടത്താതെ എടുത്ത കേസ് അംഗീകരിക്കാന്‍ കഴിയില്ല. ലീഗ് പ്രവര്‍ത്തകന്‍െറ വിലാപയാത്രയില്‍ പങ്കെടുത്തവര്‍ നടത്തിയ വീടാക്രമണക്കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്നും സി.പി.എം ആരോപിച്ചു. അതേസമയം, ലീഗ് പ്രവര്‍ത്തകന്‍െറ കൊല നടന്നിട്ട് ഒരാഴ്ചയായിട്ടും പ്രതികളെ പിടിക്കാത്ത പൊലീസ് നിലപാടിനെതിരെ പ്രക്ഷോഭത്തിനിറങ്ങാന്‍ ലീഗ് മണ്ഡലം ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചതായാണ് വിവരം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്നും 24 മണിക്കൂറിനകം പിടികൂടുമെന്നും അധികൃതര്‍ കൊലപാതകത്തിന് തൊട്ടടുത്ത ദിവസം അറിയിച്ചിട്ടും പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.