ക്രമസമാധാനം താളം തെറ്റി

കോഴിക്കോട്: ക്രമസമാധാനനില താളംതെറ്റിയിട്ടും റൂറലില്‍ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരില്ലാത്തത് ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണിയാകുന്നു. സിറ്റിയില്‍നിന്ന് സ്ഥാനക്കയറ്റത്തോടെ റൂറലിലേക്ക് സ്ഥലം മാറ്റിയ 20 ഓളം ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കാന്‍ വിമുഖത കാണിച്ചതോടെ കഴിഞ്ഞ ദിവസം നാദാപുരത്തുണ്ടായ ആക്രമണം നിയന്ത്രണ വിധേയമാക്കാന്‍ പൊലീസിനായില്ല. പൊലീസ് സ്റ്റേഷനുകളിലെ കേസ് രജിസ്ട്രേഷന്‍, കുറ്റപത്രം തയാറാക്കല്‍ തുടങ്ങി ഗൗരവ ചുമതല വഹിക്കേണ്ട എ.എസ്.ഐമാരും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരുമാണ് ചുമതലയേല്‍ക്കാത്തത്. സാധാരണ ജനങ്ങളുമായി കൂടതല്‍ ബന്ധം സ്ഥാപിച്ച സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റിയത് രഹസ്യാന്വേഷണ വിഭാഗത്തെയും താറുമാറാക്കി. ആക്രമികളുടെ നീക്കം സംബന്ധിച്ച് മുന്‍കൂട്ടി അറിയാനും പൊലീസിനായില്ല. സേനയില്‍ അനുവദിച്ച തസ്തികകളുടെ 40 ശതമാനവും ഒഴിഞ്ഞുകിടക്കുന്നതിന് പുറമെയാണ് 20ഓളം പേര്‍ ചുമതലയേല്‍ക്കാത്തത് മൂലമുണ്ടായ ഒഴിവ്. 54 പേരെ സിറ്റിയില്‍നിന്നും സ്ഥാനക്കയറ്റത്തോടെ റൂറലിലേക്ക് മാറ്റിയതായി സിറ്റി പൊലീസ് കമീഷണര്‍ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് റൂറല്‍ എസ്.പി സ്ഥലംമാറി എത്തുന്നവരെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് നിയമന ഉത്തരവും നല്‍കിയെങ്കിലും ചുമതലയേറ്റിട്ടില്ല. ഇതോടെ നാദാപുരം പോലുള്ള മേഖലകളിലെ ക്രമസമാധാന പാലനം അവതാളത്തിലായി. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്‍െറ കൊലപാതകത്തെ തുടര്‍ന്ന് മേഖലയിലെ ക്രമസമാധാന പാലനത്തിനായി നേരത്തേ ഈ മേഖലയില്‍ ജോലി ചെയ്ത സി.ഐ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പൊതുജനങ്ങളുമായി അടുത്ത് ഇടപഴകിയിരുന്ന താഴെതട്ടിലുള്ള പൊലീസുദ്യോഗസ്ഥരുടെ അഭാവം രഹസ്യ വിവരങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനും അക്രമങ്ങള്‍ തടയുന്നതിനും തടസ്സമാകുന്നു. ആക്രമം നടന്ന സ്ഥലങ്ങളെ കുറിച്ച് കൃത്യമായ പരിചയമില്ലാത്ത ഉദ്യോഗസ്ഥരാണ് പല സ്റ്റേഷനുകളിലുമുള്ളത്. ആക്രമത്തെ കുറിച്ച് സ്റ്റേഷനുകളില്‍ അറിയിച്ചാല്‍പോലും പൊലീസ് സ്ഥലത്തത്തൊന്‍ വൈകുന്നു. പൊതു സ്ഥലംമാറ്റത്തിന്‍െറ ഭാഗമായും പൊലീസിലെ ഭരണാനുകൂല വിഭാഗത്തിന്‍െറ താല്‍പര്യമനുസരിച്ചും പൊലീസുകാര്‍ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയതാണ് ഒഴിവ് നികത്താനുള്ള തടസ്സം. എസ്.പിയുടെ സമ്മര്‍ദമുണ്ടായിട്ടും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സിറ്റിയില്‍നിന്നുള്ള പലരും റൂറലില്‍ ചുമതലയേല്‍ക്കുന്നില്ല എന്നാണ് സേനക്കുള്ളിലെ ആക്ഷേപം. സ്വാധീനമുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്ഥലംമാറ്റ ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. സ്റ്റേഷനുകളില്‍ കേസുകള്‍ കൈകാര്യം ചെയ്യേണ്ട എ.എസ്.ഐ തസ്തികകളില്‍ ഉള്ളവര്‍ ചുമതലയേല്‍ക്കാത്തതിനാല്‍ കേസ് രജിസ്ട്രേഷനും കുറ്റപത്രം സമര്‍പ്പിക്കലില്‍ കാലതാമസം വരുന്നു. കുറ്റവാളികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കാന്‍ ഇത് സഹായകമാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.