ഉറവിട മാലിന്യ നിര്‍മാര്‍ജനം ഉള്‍ക്കൊള്ളാതെ വടകര

വടകര: നഗരസഭയില്‍ ഉറവിട മാലിന്യ നിര്‍മാര്‍ജനം അധികൃതര്‍ പ്രോത്സാഹിപ്പിക്കുമ്പോഴും ഇത്, വടകരക്കാര്‍ ഉള്‍ക്കൊള്ളുന്നില്ല. കഴിഞ്ഞ ദിവസം നഗരസഭാ ലൈബ്രറിക്ക് സമീപം വര്‍ക്ഷോപ്പിലെ മാലിന്യം തള്ളിയതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. നാട്ടുകാരുടെ സഹായത്തോടെ നഗരസഭാ അധികൃതര്‍ മാലിന്യം പരിശോധിച്ചപ്പോള്‍ വര്‍ക്ഷോപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതോടെ, മാലിന്യം തള്ളിയവരെ കൊണ്ടുതന്നെ തിരിച്ചെടുപ്പിക്കുകയായിരുന്നു. ഇതിനിടെ, കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍, 250 രൂപ ഈടാക്കി മാലിന്യം നീക്കം ചെയ്യാമെന്നു പറഞ്ഞ് വഴിയില്‍ തള്ളുന്ന ചില ഓട്ടോറിക്ഷകള്‍ വടകരയിലുണ്ടെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. കഴിഞ്ഞ കുറെക്കാലമായി പൊതുസ്ഥലങ്ങളും ആള്‍പാര്‍പ്പില്ലാത്ത പറമ്പുകളും ഇരുളിന്‍െറ മറവില്‍ മാലിന്യം തള്ളുന്ന കേന്ദ്രമായി മാറുന്നുവെന്ന ആക്ഷേപം ശക്തമാണ്. നഗരത്തില്‍ പലയിടത്തും മാലിന്യം ചാക്കുകളിലാക്കി തള്ളുകയാണ് പലരും. മാലിന്യം ഉറവിടത്തില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യണമെന്നാണ് സംസ്ഥാന ശുചിത്വ മിഷന്‍െറ നയം. പഴയ കെട്ടിടങ്ങളാണ് വടകരയില്‍ ഏറെയും. ഇവയാകട്ടെ മാലിന്യ സംസ്കരണത്തിന് ഒരു സൗകര്യവുമില്ലാതെ നിര്‍മിച്ചവയാണ്. കാലങ്ങളായി ടൗണിലെ മാലിന്യം നഗരസഭ തന്നെ പുതിയാപ്പ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളുന്നതാണ് പതിവ്. എന്നാല്‍, മാലിന്യം കുന്നുകൂടിയതോടെ പുതിയാപ്പക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി. തുടര്‍ന്ന്, സംസ്കരിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും എല്ലാം അവതാളത്തിലാവുകയായിരുന്നു. ഇതോടെയാണ്, ഉറവിട മാലിന്യ നിര്‍മാജനത്തിന്‍െറ വഴി സ്വീകരിച്ചത്. ടൗണിലെ അഴുക്കുചാലുകളും ഓവുചാലുകളും വൃത്തിയാക്കുന്ന പ്രവൃത്തി തുടങ്ങിയെങ്കിലും എങ്ങുമത്തൊത്ത അവസ്ഥയാണ്. മഴ പെയ്യുമ്പോള്‍ വെള്ളക്കെട്ടിന്‍െറ പിടിയിലാണ് നഗരം. അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനുള്ള ഫണ്ട് അപര്യാപ്തമാണെന്നാണ് ആക്ഷേപം. ഓവുചാലുകള്‍ ശുചീകരിക്കാന്‍ 2.75 ലക്ഷം മാത്രമാണ് അനുവദിച്ചത്. നിലവിലുള്ള മാലിന്യം യഥാവിധി നീക്കംചെയ്യാനുള്ള ഫണ്ട് അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് അധികൃതര്‍ പറയുന്നത്. ലക്ഷങ്ങള്‍ അനുവദിച്ചാലും തീരാത്ത മാലിന്യമാണ് ടൗണിലുള്ളതെന്ന് കച്ചവടക്കാര്‍ പറയുന്നു.അശാസ്ത്രീയമായ അഴുക്കുചാലുകളും മാലിന്യം നീക്കം ചെയ്യാതിരിക്കുന്നതുമാണ് രൂക്ഷമായ മാലിന്യപ്രശ്നത്തിനിടയാക്കുന്നത്. മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ ടൗണിലെ ഓവുചാലുകളില്‍ കൊതുക് നിറഞ്ഞിട്ടുണ്ട്. പല സംഘടനകളും മാലിന്യ നിര്‍മാര്‍ജനത്തിനിറങ്ങിയതാണ് ആശ്വാസമായിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.