ഭീതി വിതച്ച് തെരുവുനായകള്‍; കുലുക്കമില്ലാതെ അധികൃതര്‍

ഫറോക്ക്: രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഫറോക്ക് മേഖലയില്‍ തെരുവുനായകളുടെ വിളയാട്ടം തുടങ്ങിയതോടെ ജനം ഭീതിയില്‍. ശനിയാഴ്ച വൈകീട്ട് നാലോടെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടര വയസ്സുകാരിയടക്കം എട്ടു പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഫറോക്ക് മേഖലയില്‍ ഒട്ടേറെ ബൈക്ക് യാത്രക്കാര്‍ക്കും നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. റോഡിലൂടെ തലങ്ങും വിലങ്ങും നായകള്‍ കൂട്ടമായും ഒറ്റക്കും കറങ്ങിനടക്കുന്നതാണ് ബൈക്ക് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്. രാത്രി കാലങ്ങളില്‍ ബൈക്കിന് പിറകെ ഓടുന്നതും ബൈക്ക് യാത്രികര്‍ അപകടത്തില്‍പെടുന്നതും കൂടിവരികയാണ്.കഴിഞ്ഞ ദിവസം മണ്ണൂര്‍ വളവില്‍ എട്ടു പേരെയാണ് നായ കടിച്ചത്.ഒരു മാസം മുമ്പ് ഫറോക്ക് കല്ലമ്പാറയില്‍ ആറു പേര്‍ക്കാണ് നായയുടെ കടിയേറ്റത്. റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുന്ന നായകള്‍ കൂട്ടമായാണ് തെരുവുകള്‍ കിഴടക്കുന്നത്. നായയുടെ കടിയേറ്റാല്‍ പ്രതിരോധ കുത്തിവെപ്പിനുള്ള സംവിധാനങ്ങളും ഫറോക്ക് മേഖലയില്‍ ഇല്ലാത്തത് ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കുന്നു. എല്ലാവരും മെഡിക്കല്‍ കോളജ് ആശുപത്രിയെതന്നെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. തെരുവുനായകളെ നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT