നാളികേര കര്‍ഷകര്‍ നരകിക്കുന്നു

കക്കോടി: നാളികേരത്തിന്‍െറ ഉല്‍പാദനക്കുറവില്‍ പൊറുതിമുട്ടുന്ന കര്‍ഷകര്‍ക്ക് കൃഷിഭവന്‍െറ നടപടികള്‍ തിരിച്ചടിയാകുന്നു. പച്ചത്തേങ്ങ കൃഷിഭവനിലൂടെ 27 രൂപ നല്‍കി സംഭരിക്കുന്നുണ്ടെന്ന് അധികാരികള്‍ പറയുന്നുണ്ടെങ്കിലും ഫലത്തില്‍ ഒരുതവണ തേങ്ങ വില്‍പനക്ക് ആറു മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഒരേക്കര്‍ സ്ഥലമുള്ള കര്‍ഷകനില്‍നിന്ന് വര്‍ഷത്തില്‍ 4200 തേങ്ങ സംഭരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഒരു കര്‍ഷകനില്‍നിന്നും ഇത്രയും തേങ്ങ കൃഷിഭവന്‍ സംഭരിക്കുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട കൃഷിഭവനുകള്‍ മുഖാന്തരം ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് നാലു ടണ്‍ പച്ചത്തേങ്ങ കൃഷിഭവനുകള്‍ സംഭരിക്കുന്നത്. നാലു ടണ്‍ മാത്രം ആഴ്ചയില്‍ സംഭരിക്കുന്നതിനാല്‍ ഓരോ കര്‍ഷകനില്‍നിന്നും വളരെ കുറഞ്ഞ തൂക്കം പച്ചത്തേങ്ങയേ സംഭരിക്കുന്നുള്ളൂ. മുന്‍കൂട്ടിയുള്ള ബുക്കിങ് സംവിധാനത്തിലാണ് കര്‍ഷകനില്‍നിന്ന് തേങ്ങ വാങ്ങുന്നത്. ഒരിക്കല്‍ തേങ്ങ നല്‍കിയ കര്‍ഷകന് പിന്നീട് തന്‍െറ ഊഴത്തിനുവേണ്ടി അഞ്ചും ആറും മാസം കാത്തിരിക്കേണ്ട അവസ്ഥയാണ്. തേങ്ങ നല്‍കിയാല്‍ തന്നെ പണം കിട്ടാന്‍ മൂന്നും നാലും മാസമെടുക്കുന്നു. ഏപ്രില്‍ 26ന് തേങ്ങ നല്‍കിയ കര്‍ഷകര്‍ക്കുള്ള പണമാണ് അവസാനമായി നല്‍കിയത്. ഓരോ കൃഷിഭവനുകളിലും പത്തില്‍ താഴെ കര്‍ഷകരില്‍നിന്ന് മാത്രമേ തേങ്ങ സംഭരിക്കുന്നുള്ളൂ. ഇപ്പോള്‍ കക്കോടി പഞ്ചായത്തിലെ കൃഷിഭവനില്‍ ഒക്ടോബര്‍ വരെ ബുക്കിങ് ആയിരിക്കുകയാണ്. ഇത്രയും കാലത്തേക്ക് നനവുപറ്റിയ തേങ്ങ സൂക്ഷിച്ചാല്‍ അവ മുളക്കുകയോ കേടുവരുകയോ ചെയ്യുമെന്ന് കര്‍ഷകര്‍ പറയുന്നു. അല്‍പം ഈര്‍പ്പം കണ്ടാല്‍തന്നെ പൊളിച്ച തേങ്ങ കൃഷിഭവനില്‍നിന്ന് മടക്കുകയുമാണ്. കോര്‍പറേഷന്‍ പരിധിയിലെ തേങ്ങ സംഭരണശാലകളിലെ ബുക്കിങ് 2017 മാര്‍ച്ച് വരെയായത്രേ. കര്‍ഷകനില്‍നിന്ന് വാങ്ങുന്ന തേങ്ങക്ക് 100 കിലോക്ക് നാലു കിലോ വരെ തൂക്കക്കുറവും കൃഷിഭവനുകള്‍ക്ക് വകവെച്ചുകൊടുക്കണമത്രെ. ഉല്‍പാദനക്കുറവോടൊപ്പം നാളികേര കര്‍ഷകന്‍െറ നട്ടെല്ളൊടിക്കുന്ന നടപടികളാണ് കൃഷിഭവനില്‍നിന്ന് ഉണ്ടാവുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT