ഫറോക്ക് ഐ.ഒ.സിയിലെ ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍ന്നു

ഫറോക്ക്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ (ഐ.ഒ.സി) ഫറോക്ക് ഡിപ്പോയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച അനിശ്ചിതകാല സമരം ഒത്തുതീര്‍ന്നു. കഴിഞ്ഞ 24 വര്‍ഷമായി തുടരുന്ന സമ്പ്രദായങ്ങള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് പുതുക്കിയ ടെന്‍ഡര്‍ നടപടികളിലെ അപാകത ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ടാങ്കര്‍ ലോറി ഓണേഴ്സ് അസോസിയേഷനും കോഴിക്കോട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷനും സംയുക്ത തൊഴിലാളി യൂനിയന്‍െറ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. കൊച്ചി, കോഴിക്കോട് ഐ.ഒ.സികളിലെ ടാങ്കര്‍ ലോറി ഉടമകളാണ് അനിശ്ചിതകാല സമരത്തിലുണ്ടായിരുന്നത്. ശനിയാഴ്ച ഇതു സംബന്ധിച്ച് കൊച്ചി കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് ഇരു സ്ഥലങ്ങളിലെയും അനിശ്ചിതകാല സമരങ്ങള്‍ക്ക് പരിഹാരമായത്. ഇന്ധന ചരക്കുനീക്കം ഞായറാഴ്ച രാവിലെ എട്ടുമുതല്‍ പുനരാരംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ഐ.ഒ.സി പുതുതായി കൊണ്ടുവന്ന ടെന്‍ഡര്‍ നടപടികള്‍ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും തല്‍സ്ഥിതി ഏപ്രില്‍ അവസാനംവരെ തുടരാനും ചര്‍ച്ചയില്‍ തീരുമാനമായി. ശനിയാഴ്ച കോഴിക്കോട് കലക്ടറേറ്റില്‍ എ.ഡി.എമ്മിന്‍െറ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകളുടെ ആഹ്വാനപ്രകാരം 200ഓളം ടാങ്കര്‍ ലോറികളായിരുന്നു സമരരംഗത്തുണ്ടായിരുന്നത്. ഫറോക്ക് ഡിപ്പോയില്‍നിന്നാണ് കേന്ദ്രഭരണ പ്രദേശമായ മാഹിയിലേക്കും ഇന്ധനം എത്തിക്കുന്നത്. കഴിഞ്ഞ നവംബര്‍ 24ന് ടേണ്‍ സമ്പ്രദായം മാറ്റുമെന്ന് കമ്പനി അറിയിച്ചിരുന്നു. അതില്‍ പ്രതിഷേധിച്ച് ഓട്ടം നിര്‍ത്തിവെക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷം ടെന്‍ഡര്‍ നല്‍കിയതിനെക്കാള്‍ കുറഞ്ഞ വാടകയാണ് ഇത്തവണയുള്ളത്. ടാങ്കില്‍ ഘടിപ്പിക്കാന്‍ നിര്‍ദേശിച്ച സെന്‍സര്‍, ലോക്കിങ് തുടങ്ങിയ പുതിയ സംവിധാനങ്ങള്‍ തികച്ചും പ്രയാസമേറിയതാണെന്നും ഈ പുതിയ ടെന്‍ഡര്‍ നടപടികളെല്ലാം എടുത്തു മാറ്റണമെന്നായിരുന്നു തൊഴിലാളി കോണ്‍ട്രാക്റ്റേഴ്സ്, സംയുക്ത ട്രേഡ് യൂനിയന്‍ എന്നിവരുടെ ആവശ്യം. ഈ ആവശ്യങ്ങള്‍ക്കെല്ലാം ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ താല്‍ക്കാലിക പരിഹാരമായി. കഴിഞ്ഞദിവസം ടാങ്കര്‍ ലോറി തൊഴിലാളികള്‍ ഫറോക്ക് ഐ.ഒ.സിയില്‍ മിന്നല്‍ പണിമുടക്കും നടത്തിയിരുന്നു. ഫറോക്ക് ഡിപ്പോയില്‍നിന്ന് സ്ഥിരമായി ഇന്ധനം നല്‍കിക്കൊണ്ടിരുന്ന വടകര, അത്തോളി എന്നിവിടങ്ങളിലെ രണ്ട് ഡീലര്‍മാര്‍ക്ക് വ്യാഴാഴ്ച ലോഡ് കയറ്റുന്നതിനായി ബില്ല് അനുവദിക്കാത്ത കമ്പനി നടപടിയിലുള്ള പ്രതിഷേധമാണ് മിന്നല്‍ പണിമുടക്കിന് കാരണമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT