കൊടുവള്ളി: ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സൗജന്യ റേഷന്‍ അരി കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് വ്യാപക പരാതി. നാട്ടിന്‍പുറങ്ങളിലടക്കം ബി.പി.എല്‍ കാര്‍ഡുടമകളില്‍ ധാരാളം അനര്‍ഹരായ കുടുംബങ്ങളുണ്ട്. റേഷന്‍കട വഴി വില്‍ക്കുന്ന അരി ഗുണനിലവാരം കുറഞ്ഞതാണെന്ന പേരില്‍ ഇവരില്‍ പലരും വാങ്ങാറില്ല. ഈ അരിയാണ് കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി പറയുന്നത്. അരി റേഷന്‍കടക്കാര്‍ കിലോക്ക് 18ഉം 20ഉം രൂപ നിരക്കില്‍ പൊതുമാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് മറിച്ചുവില്‍ക്കുകയാണത്രെ ചെയ്യുന്നത്. പലഹാരങ്ങളുണ്ടാക്കുന്ന ബേക്കറികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും അരി വില്‍ക്കുന്നതായി പരാതിയുണ്ട്. മിക്ക റേഷന്‍കടകളിലും വാങ്ങുന്ന റേഷന്‍ വിഹിതം കാര്‍ഡില്‍ ചേര്‍ത്തുകയോ യഥാര്‍ഥ ബില്ലുകള്‍ എഴുതി ഉപഭോക്താവിന് നല്‍കുകയോ ചെയ്യുന്നില്ല. ശീട്ടുകളില്‍ സഖ്യ കുത്തിക്കുറിച്ച് പണം വാങ്ങുകയാണ് ചെയ്തുവരുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഇതുവഴി റേഷന്‍ വാങ്ങാത്ത കാര്‍ഡുടമകളുടെ വിഹിതംപോലും റേഷന്‍കടകളിലെ രജിസ്റ്ററില്‍ ചേര്‍ത്തി എഴുതിയെടുക്കാന്‍ കടക്കാര്‍ക്ക് സഹായകരമാവുന്നതായും കാര്‍ഡുടമകള്‍ ചൂണ്ടിക്കാണിക്കുന്നു. കാര്‍ഡുടമകള്‍ക്ക് പ്രതിമാസം നല്‍കേണ്ട റേഷന്‍വിഹിതം പൂര്‍ണമായും നല്‍കുന്നില്ളെന്നും പരാതിയുണ്ട്. ബി.പി.എല്‍ കാര്‍ഡില്‍പെട്ട പ്രത്യേക വിഭാഗമായ അന്ത്യോദയ അന്നയോജന വിഭാഗക്കാര്‍ക്ക് പ്രതിമാസം 35 കിലോ സൗജന്യമായി നല്‍കേണ്ട അരി തൂക്കത്തില്‍ കുറവ് വരുത്തി 32 കിലോ നല്‍കി ബാക്കി സ്വന്തമാക്കുന്ന റേഷന്‍കടക്കാര്‍ ഏറെയുണ്ടത്രെ. അതേപോലെ ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കുള്ള 25 കിലോ സൗജന്യ അരിയും വെട്ടിക്കുറച്ചാണ് വിതരണം ചെയ്യുന്നത്. ഇതേപ്പറ്റി അന്വേഷിക്കുന്ന കാര്‍ഡുടമകളോട് റേഷന്‍ കമീഷന്‍ വളരെ തുച്ഛമായതിനാല്‍ കുറവ് വരുത്തുന്ന അരി പുറമെ വിറ്റ് ലഭിക്കുന്ന പണം റേഷന്‍കട നടത്താനുള്ള ചെലവിലേക്ക് ഉപയോഗപ്പെടുത്തുകയാണെന്നാണ് മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.