മാതൃശിശു സംരക്ഷണകേന്ദ്രത്തിന് മുന്നില്‍ കുഴികള്‍

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ അത്യാഹിതവിഭാഗത്തിന്‍െറ മുന്‍വശത്ത് കുഴികളടക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അശാസ്ത്രീയമെന്ന് പരാതി. മുന്‍വശത്ത് വെള്ളം നിറഞ്ഞ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന കുഴികളാണ് മെഡിക്കല്‍ കോളജിലെ പൊതുമരാമത്ത് വകുപ്പ് അടച്ചത്. എന്നാല്‍, കുഴികള്‍ മുഴുവനായി അടഞ്ഞിട്ടുമില്ല. കുഴികളടക്കാനായി ഇട്ട കരിങ്കല്ലുകള്‍ നിലത്തുറക്കാത്തതിനാല്‍ ആശുപത്രി മുറ്റത്തേക്ക് വരുന്ന വാഹനങ്ങളിലുള്ളവരും ബുദ്ധിമുട്ടുകയാണ്. പ്രസവത്തിന് എത്തുന്ന ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തില്‍ വന്നിറങ്ങുന്നത് ഇതുവഴിയാണ്. എന്നാല്‍, വാഹനം കുഴിയില്‍ കയറിയിറങ്ങി പൂര്‍ണ ഗര്‍ഭിണികളടക്കം പ്രയാസപ്പെടുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് വന്ന ഗര്‍ഭിണി മുറ്റത്ത് ഓട്ടോയില്‍ പ്രസവിച്ചിരുന്നു. മെഡിക്കല്‍ കോളജിന്‍െറ പൊതുമരാമത്ത് വകുപ്പ് വര്‍ഷംതോറും ചെയ്യുന്ന വാര്‍ഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് കുഴികളടച്ചത്. കുഴികളടക്കാനാവശ്യമായത് ചെയ്യണമെന്നുമാത്രമാണ് സൂപ്രണ്ട് നിര്‍ദേശിച്ചിരുന്നത്. മുറ്റം ഇന്‍റര്‍ലോക് ചെയ്യാമെന്ന് പി.ഡബ്ള്യു.ഡി വിഭാഗം ശിപാര്‍ശ ചെയ്തെങ്കിലും ഐ.എം.സി.എച്ച് നവീകരണത്തിന് മാസ്റ്റര്‍ പ്ളാന്‍ ഉടന്‍ ഒരുങ്ങുമെന്നും താല്‍ക്കാലികമായി കുഴിയടച്ചാല്‍ മതിയെന്നും സൂപ്രണ്ട് നിര്‍ദേശിച്ചതായി പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. ഐ.എം.സി.എച്ചിന്‍െറ നാല് ബ്ളോക്കിലുമായി നിരവധി പുനരുദ്ധാരണ പ്രവൃത്തികള്‍ നടപ്പാക്കാനുണ്ടായിരുന്നു. ഇതിനായി 80,000 രൂപ മാത്രമാണ് ഫണ്ട് നീക്കിവെച്ചത്. കഴിഞ്ഞയാഴ്ചയാണ് കുഴിയടക്കല്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഇത് അശാസ്ത്രീയമായതിനാല്‍ നികത്താനിട്ട കരിങ്കല്ലുകള്‍ ഇളകിയ അവസ്ഥയിലാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.