ആധുനിക സൗകര്യങ്ങളൊരുക്കി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം

കോഴിക്കോട്: ആധുനിക സൗകര്യങ്ങളൊരുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്‍െറ നവീകരണപ്രവൃത്തി തുടരുന്നു. എല്ലായിടത്തും എയര്‍കണ്ടീഷന്‍ സൗകര്യങ്ങളൊരുക്കിയതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഡോക്ടര്‍മാരുടെ പരിശോധന സ്ഥലം, ഫാര്‍മസി, എക്സ്റേ, നഴ്സസ് സ്റ്റേഷന്‍, മുറിവു കെട്ടുന്ന മുറി, വിവിധ യൂനിറ്റുകളിലെ ഡോക്ടര്‍മാര്‍ക്കായുള്ള സ്ഥലം എന്നിവിടങ്ങളിലാണ് എയര്‍കണ്ടീഷന്‍ ഒരുക്കിയത്. അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് പുതിയ ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. ഒ.പി ടിക്കറ്റ് കൗണ്ടര്‍, അഡ്മിഷന്‍ എന്നിവ അത്യാഹിത വിഭാഗത്തിന്‍െറ മുന്നിലേക്ക് മാറ്റുന്നതിനായി പുതിയ കൗണ്ടറുകളും തയാറാക്കിയിട്ടുണ്ട്. ആശുപത്രിയിലെ നിലവിലെ വൈദ്യുതി ഉപയോഗിച്ച് എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ഇതിനായി പ്രത്യേക വൈദ്യുതി ലൈന്‍ വലിക്കും. വൈദ്യുതി ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് നവീകരിച്ച അത്യാഹിത വിഭാഗം തുറന്നുകൊടുക്കാന്‍ സാധിക്കാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ അത്യാഹിതവിഭാഗം നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു എന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. 10 ദിവസംകൊണ്ടു പൂര്‍ത്തിയാക്കുമെന്നറിയിച്ച പ്രവൃത്തി ആഴ്ചകള്‍ പിന്നിട്ടിട്ടും തുടരുകയാണ്. നിലവിലെ അത്യാഹിത വിഭാഗം ഒ.പി. ബ്ളോക്കിലെ മുകളിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍പെട്ടവരെ മുകള്‍ നിലയിലേക്ക് എത്തിക്കുക എന്നത് കൂട്ടിരിപ്പുകാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുകയാണ്. രോഗികളെ കഷ്ടപ്പെടുത്തുതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. ഉപരോധത്തെ തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ രണ്ടുദിവസത്തിനകം അത്യാഹിത വിഭാഗം തുറന്നുകൊടുക്കുമെന്ന് സൂപ്രണ്ട് രേഖാമൂലം ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം മാസിന്‍ റഹ്മാന്‍ ബ്ളോക് സെക്രട്ടറി കെ. അരുണ്‍, പ്രസിഡണ്ട് പിങ്കി പ്രമോദ്, കെ. പി സുലൈമാന്‍, രമേഷ് ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.