അരൂരില്‍ വീടിനുനേരെ ബോംബേറ്; ആറു പേര്‍ കസ്റ്റഡിയില്‍

നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്തിലെ അരൂര്‍ കല്ലുമ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍െറ വീടിനുനേരെ ബോംബേറ്. കല്ലുമ്പുറത്തെ കിണറുള്ളകണ്ടി നാരായണന്‍െറ വീടിനുനേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ബോംബേറുണ്ടായത്. ബൈക്കിലത്തെിയ സംഘം റോഡില്‍നിന്ന് വീട്ടിലേക്ക് ബോംബെറിയുകയായിരുന്നു. വരാന്തയിലെ ജനല്‍ പാളിയില്‍ പതിച്ച ബോംബ് പൊട്ടാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പ്രഹരശേഷിയേറിയ സ്റ്റീല്‍ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ബോംബ് പതിച്ചതിനെ തുടര്‍ന്ന് ജനല്‍ച്ചില്ല് തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് രാത്രിയോടെ സ്ഥലത്തത്തെിയ നാദാപുരം സി.ഐ കെ.എസ്. ഷാജി, അഡീ. എസ്.ഐ സി. അബ്ദുല്‍ മജീദ്, ജൂനിയര്‍ എസ്.ഐ കെ. ബാബു എന്നിവരുടെ നേതൃത്വത്തിലുളള സംഘം ആറുപേരെ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ അഞ്ചു പേര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും ഒരാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. ആക്രമികളത്തെിയ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊട്ടാതെ കിടന്ന സ്റ്റീല്‍ ബോംബ് ചേലക്കാട് ക്വാറിയില്‍വെച്ച് ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി. ബുധനാഴ്ച രാത്രി ആയഞ്ചേരിക്കടുത്ത തെക്കത്തേറേമ്മല്‍ സൗഹൃദക്കൂട്ടായ്മ എന്ന പേരില്‍ വിഷു ആഘോഷം നടത്തിയിരുന്നു. ഇതിനിടയില്‍ നാരായണന്‍െറ മകനും ഡി.വൈ.എഫ്.ഐ കല്ലുമ്പുറം ബ്രാഞ്ച് സെക്രട്ടറിയുമായ കെ.കെ. ബിനീഷുമായി ഒരു സംഘം കൈയാങ്കളിയും വാക്കേറ്റവും നടത്തിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാണ് ഇയാളുടെ വീടിനുനേരെയുണ്ടായ ബോംബേറെന്ന് പൊലീസ് പറഞ്ഞു. വാക്തര്‍ക്കത്തിലും കൈയാങ്കളിയിലും ഉള്‍പ്പെട്ടവരാണ് കസ്റ്റഡിയിലുളള ആറു പേരും. നാദാപുരം എ.എസ്.പി ആര്‍. കറുപ്പസ്വാമി, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കുബേരന്‍ നമ്പൂതിരി എന്നിവര്‍ ബോംബേറുണ്ടായ വീട്ടിലത്തെി പരിശോധന നടത്തി. മേഖലയില്‍ ആയുധങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സി.ഐയുടെ നേതൃത്വത്തില്‍ ബോംബ്, ഡോഗ് സ്ക്വാഡുകള്‍ സംയുക്തമായി പരിശോധന നടത്തി. ആള്‍ത്താമസമില്ലാത്ത പറമ്പുകളിലും കസ്റ്റഡിയിലുള്ള ആറു പ്രതികളുടെ വീട്ടിലുമാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. അഴിയൂര്‍ സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ നാദാപുരം മേഖലയില്‍ സ്ഫോടകവസ്തുക്കള്‍ക്കും മറ്റുമായി നടത്തുന്ന തിരച്ചില്‍ വരുംദിവസങ്ങളിലും തുടരുമെന്ന് എ.എസ്.പി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.