നാദാപുരം ഗ്രാമപഞ്ചായത്ത്: മാലിന്യ പ്ളാന്‍റ് പ്രവര്‍ത്തനം നിലച്ചു

നാദാപുരം: നാട്ടുകാരുടെ ഉപരോധ സമരത്തിനു പിന്നാലെ തൊഴിലാളികളുടെ നിസ്സഹകരണ സമരവും കൂടിയായതോടെ നാദാപുരം ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണ പ്ളാന്‍റ് പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. മാലിന്യ പ്ളാന്‍റിലെ ഇരുപതോളം തൊഴിലാളികളാണ് പ്ളാന്‍റിനുള്ളില്‍ ജോലിചെയ്യാന്‍ വിസമ്മതിക്കുന്നത്. മാസങ്ങളായി മുടങ്ങിയ വേതനം ലഭിക്കാതെ തൊഴില്‍ ചെയ്യില്ളെന്നാണ് ഇവരുടെ നിലപാട്. വിഷുവാഘോഷിക്കാന്‍പോലും കൈയില്‍ ചില്ലിക്കാശില്ലാത്ത തൊഴിലാളികള്‍ക്ക് മുടങ്ങിയ വേതനം എന്നുലഭിക്കുമെന്ന് ഒരു നിശ്ചയവുമില്ല. ശുചിത്വ മിഷനാണ് ഇവര്‍ക്ക് വേതനം നല്‍കേണ്ടതെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നിലപാട്. തൊഴിലാളികളെല്ലാം ദിവസവേതനത്തിനാണ് ജോലിചെയ്യുന്നത്. പ്ളാന്‍റിനുള്ളില്‍ കൂട്ടിയിട്ട മാലിന്യങ്ങളില്‍നിന്ന് പ്ളാസ്റ്റിക് വേര്‍തിരിക്കുന്ന ജോലിയാണ് മാസങ്ങളായി മുടങ്ങിയത്. പ്ളാസ്റ്റിക് വേര്‍തിരിച്ച് മാറ്റി വേണം ജൈവമാലിന്യങ്ങള്‍ വളമാക്കി സംസ്കരിക്കാന്‍. തൊഴിലാളികള്‍ പ്ളാന്‍റിനുള്ളില്‍ ജോലിചെയ്യുന്നതിന് സഹകരിക്കുന്നില്ളെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ‘മാധ്യമ’ത്തോട് പറഞ്ഞു. ഇവരുടെ നിസ്സഹകരണത്തില്‍ ദുരൂഹതയുണ്ടെന്നും സെക്രട്ടറി പറഞ്ഞു. രൂക്ഷമായ ആരോഗ്യ, പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന പ്ളാന്‍റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പരിസരവാസികള്‍ കര്‍മസമിതി രൂപവത്കരിച്ച് രണ്ടു മാസത്തിലധികമായി സമരത്തിലാണ്. ഇവരുടെ ഉപരോധം കാരണം പ്ളാന്‍റിലേക്ക് മാലിന്യനീക്കം വഴിമുട്ടിയിരിക്കുകയാണ്. രണ്ടു മാസത്തിനിടയില്‍ ഒറ്റദിവസം മാത്രമാണ് മാലിന്യം കൊണ്ടുപോകാന്‍ കഴിഞ്ഞത്. അതും പൊലീസ് സംരക്ഷണത്തില്‍. എന്നാല്‍, പൊലീസ് സംരക്ഷണം പിന്നീട് പിന്‍വലിക്കുകയായിരുന്നു. മാലിന്യനീക്കം നടക്കാതായതോടെ കല്ലാച്ചി, നാദാപുരം ടൗണുകളില്‍നിന്നുള്ള മാലിന്യ സംസ്കരണത്തിന് വഴിയില്ലാതായി. ഇതോടെ വ്യാപാരികള്‍ ശുചിത്വ മിഷന് നല്‍കിയിരുന്ന ദിവസവരി നിര്‍ത്തലാക്കുകയും ചെയ്തു. ഇതാണ് പ്ളാന്‍റിലെ തൊഴിലാളികളുടെ വേതനം മുടങ്ങാന്‍ കാരണമെന്ന് പറയുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിച്ച് പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് സമരക്കാരുമായി ചര്‍ച്ചക്ക് ഇപ്പോഴും തയാറാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.