ഉത്സവസീസണ്‍ ലക്ഷ്യമാക്കി നഗരത്തിലേക്ക് കഞ്ചാവ് ഒഴുകുന്നു

കോഴിക്കോട്: മധ്യവയസ്കന്‍ രണ്ടു കിലോ കഞ്ചാവുമായി ഷാഡോ പൊലീസിന്‍െറ പിടിയിലായി. പൂളാടിക്കുന്ന് ബൈപാസും കോഴിക്കോട് മേഖലയും കേന്ദ്രീകരിച്ച് സ്കൂള്‍കുട്ടികള്‍ക്ക് വിപുലമായ തോതില്‍ കഞ്ചാവ് വില്‍പന നടത്തുന്ന അണ്ടിക്കോട് സ്വദേശി കെ.ടി. ഹസന്‍ കായക്കല്‍തടം എന്നയാളെയാണ് ഷാഡോ പൊലീസും ചേവായൂര്‍ എസ്.ഐയും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം മലാപ്പറമ്പ് ബൈപാസില്‍ പരിശോധന നടത്തുമ്പോഴാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍നിന്ന് രണ്ടു കിലോ കഞ്ചാവും പിടിച്ചെടുത്തു. അടുത്തിടെ കഞ്ചാവുമായി പിടികൂടിയതിന് എലത്തൂര്‍ പൊലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. എസ്.ഐ യു.കെ. ഷാജഹാന്‍െറ നേതൃത്വത്തില്‍ നോര്‍ത് ഷാഡോ പൊലീസ് അംഗങ്ങളായ മനോജ്, ഇ. മുഹമ്മദ് ഷാഫി, മുഹമ്മദ്, പ്രമോദ്കുമാര്‍, സുനില്‍കുമാര്‍, ആഷിക്ക് റഹ്മാന്‍, സുജിത്ത് കുമാര്‍ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ഉത്സവസീസണോടനുബന്ധിച്ച് ജില്ല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന വ്യാപകമായിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി നടത്തിയ പരിശോധനയില്‍ അടുത്തിടെ നിരവധി കേസുകള്‍ സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്യുകയും ഏതാനും പേര്‍ അറസ്റ്റിലാവുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ അടിക്കടിയായി ലഹരിമരുന്ന് സംഘങ്ങള്‍ തമ്മില്‍ കുടിപ്പകയുടെ പേരില്‍ സംഘട്ടനങ്ങള്‍ പതിവാണ്. ഇതിന്‍െറ അടിസ്ഥാനത്തിന്‍െറ സിറ്റി പൊലീസ് കമീഷണര്‍ ഉമ ബെഹറയുടെ പ്രത്യേക നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് കെ.ടി. ഹസന്‍ പിടിയിലായത്. കഞ്ചാവും മറ്റു ലഹരിപദാര്‍ഥങ്ങളും ഉപയോഗിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന നിരവധി യുവാക്കളെക്കുറിച്ച് ഷാഡോ പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലഹരിമാഫിയ സംഘത്തിലെ കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. കാരപ്പറമ്പ്, കരുവിശ്ശേരി, ഹോമിയോ കോളജ് ഭാഗങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ സ്ഥിരമായി കഞ്ചാവ് വില്‍പന നടത്തുന്ന പൊന്നംപറമ്പത്ത് ചലിത്ത് എടച്ചേരിത്താഴംവയല്‍ എന്നയാളെയും കഴിഞ്ഞ ദിവസം ഷാഡോ പൊലീസ് പിടികൂടിയിരുന്നു. കാരപ്പറമ്പ് എട്ടുകണ്ടത്തില്‍ അനുഗ്രഹം വീട്ടില്‍ ഉണ്ണി എന്ന ഷാദിലിനെ കഞ്ചാവ് കൈവശംവെച്ചതിന് കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയതും അടുത്തിടെയാണ്. ഇയാളില്‍നിന്ന് 42 ചെറുപൊതികളിലായി സൂക്ഷിച്ച 608 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഫറോക്കില്‍നിന്ന് കരുവന്‍തുരുത്തിയിലേക്ക് പോകുന്ന റോഡിലെ റെയില്‍വേ അടിപ്പാതക്ക് സമീപം കൊണ്ടോട്ടി വാഴയൂര്‍ കാരാട് കണ്ണാഞ്ചേരി രാഹുല്‍ (25) കഞ്ചാവുമായി പിടിയിലായതും ഈയിടെയാണ്. ബസ് ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന പ്രധാന കണ്ണിയാണ് ഇയാള്‍. ജില്ലയില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെയും മറ്റും കേന്ദ്രീകരിച്ച് കഞ്ചാവും മറ്റു മയക്കുമരുന്നുകളും വില്‍പന നടത്തുന്ന സംഘങ്ങള്‍ സജീവമാണെന്ന് പൊലീസും എക്സൈസും സ്ഥിരീകരിച്ചു. കഞ്ചാവ് എത്തുന്ന ഉറവിടം കണ്ടത്തൊനാകാത്തതാണ് പൊലീസിനെ കുഴക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.