ബംഗ്ളാദേശ് യുവതിയെ പീഡിപ്പിച്ച കേസ്: പ്രതിഭാഗം സാക്ഷിക്ക് വാറന്‍റ്

കോഴിക്കോട്: എരഞ്ഞിപ്പാലം ഫ്ളാറ്റില്‍ ബംഗ്ളാദേശ് യുവതി പീഡനത്തിനിരയായ കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പ്രതിഭാഗം സാക്ഷിക്ക് കോടതി അറസ്റ്റ് വാറന്‍റ് പറപ്പെടുവിച്ചു. ബംഗളൂരു ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജറെ അറസ്റ്റ് ചെയ്ത് ശനിയാഴ്ച ഹാജരാക്കാനാണ് മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറിന്‍െറ നിര്‍ദേശം. ഇന്നും ഹാജരായില്ളെങ്കില്‍ വിചാരണനടപടികള്‍ പൂര്‍ത്തിയാക്കി കേസ് വിധിപറയാന്‍ മാറ്റുമെന്ന് കോടതി പ്രതിഭാഗത്തെ അറിയിച്ചു. നേരത്തേ വിധിപറയാന്‍ മാറ്റിവെച്ച കേസില്‍ തങ്ങളുടെ സാക്ഷിയെ വിസ്തരിക്കണമെന്ന പ്രതിഭാഗം ഹരജിയെ തുടര്‍ന്ന് ഹൈകോടതി വീണ്ടും വിചാരണ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. സംഭവസമയം ഒന്നാം പ്രതി ബംഗളൂരുവില്‍ ബാങ്കിലായിരുന്നുവെന്ന് തെളിയിക്കാനാണ് പ്രതിഭാഗം സാക്ഷിയെ വിസ്തരിക്കുന്നത്. പ്രതി ബാങ്കിലാണെന്ന് കാണിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ഹാജരാക്കുകയാണ് ലക്ഷ്യം. എന്നാല്‍, ദൃശ്യങ്ങള്‍ ഒരു മാസത്തിനകം ഒഴിവാക്കുമെന്നതിനാല്‍ ലഭ്യമല്ളെന്ന് ബാങ്കിന്‍െറ കോഴിക്കോട്ടെ മാനേജര്‍ കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ബംഗളൂരു മാനേജര്‍ ഹാജരാകുകയോ കാര്യങ്ങള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കുകയോ വേണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇത് ചെയ്യാത്തതിനാലാണ് വാറന്‍റ് പുറപ്പെടുവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.