കാന്‍സര്‍രോഗി ക്ഷേമത്തിനുള്ള ഫണ്ട് ആരോഗ്യവകുപ്പ് അട്ടിമറിച്ചു

കോഴിക്കോട്: കാന്‍സര്‍രോഗികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന കാന്‍സര്‍ കെയര്‍ പ്രോഗ്രാം പദ്ധതി ജില്ലയില്‍ ആരോഗ്യവകുപ്പ് അട്ടിമറിച്ചു. സര്‍ക്കാര്‍ അനുവദിച്ച 4.70 ലക്ഷം രൂപയില്‍ രോഗികളുടെ വിവരശേഖരണത്തിന് അനുവദിച്ച 1.20 ലക്ഷം രൂപയാണ് ആരോഗ്യവകുപ്പിന്‍െറ അലംഭാവംകാരണം നഷ്ടമായത്. മറ്റു പല ജില്ലകളിലും വിവരശേഖരണം പൂര്‍ത്തിയായിരിക്കെയാണ് ജില്ലയില്‍ ഇക്കാര്യത്തില്‍ ഒരു പ്രവര്‍ത്തനവും നടക്കാതിരുന്നത്. മാത്രമല്ല, മാര്‍ച്ച് 31ന് ഇതുസംബന്ധിച്ച് വളന്‍റിയര്‍മാര്‍ക്ക് പരിശീലനം നടത്താന്‍ മാര്‍ച്ച് 30ന് ഉത്തരവിറക്കി ആരോഗ്യവകുപ്പ് പരിഹാസ്യമായ നിലപാടുമെടുത്തു. 18 ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതില്‍ മൂന്നെണ്ണം ഈ സമയത്തിനകം പരിശീലനം നടത്തിയെന്നാണ് ജില്ലാ ആരോഗ്യവകുപ്പിന്‍െറ വിശദീകരണം. ബാക്കി തുക പ്ളാന്‍ഫണ്ടിലേക്ക് തിരിച്ചുപോയതായും അധികൃതര്‍ വിശദീകരിച്ചു. ജില്ലയിലെ നൂറുകണക്കിന് കാന്‍സര്‍രോഗികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യമാണ് ആരോഗ്യവകുപ്പ് നഷ്ടപ്പെടുത്തിയത്. കോഴിക്കോട്ട് പദ്ധതി നടപ്പാക്കാത്തതിനാല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പാക്കേണ്ട പദ്ധതി പ്രവര്‍ത്തനത്തെ ബാധിക്കും. 2015 ജൂലൈ 30നാണ് പദ്ധതിസംബന്ധിച്ച് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസുകളിലേക്കും സംസ്ഥാന ആരോഗ്യമന്ത്രാലയം കത്തയച്ചത്. തുടര്‍ന്ന് പദ്ധതിനടത്തിപ്പിന് അഡീഷനല്‍ ഡി.എം.ഒയെ ചുമതലപ്പെടുത്തി നാലുമാസത്തിനുശേഷം നവംബര്‍ അഞ്ചിന് ജില്ലാ ആരോഗ്യവകുപ്പ് മറുപടി അയച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു നടപടിയും കാണാത്തതില്‍ വിശദീകരണം തേടി മൂന്നു മാസത്തിനുശേഷം ഫെബ്രുവരി മൂന്നിന് ആരോഗ്യമന്ത്രാലയം വീണ്ടും കത്തയച്ചു. തുടര്‍ന്ന് ഒന്നരമാസത്തോളം പിന്നിട്ടശേഷമാണ് തൊട്ടടുത്തദിവസം പരിശീലനം നടത്താന്‍ 2016 മാര്‍ച്ച് 30ന് ജില്ലാ ആരോഗ്യവകുപ്പ് ഓഫിസ് ഉത്തരവിട്ടത്. ഡി.എം.ഒ ഓഫിസ്-10,000, വടകര ജില്ലാ ആശുപത്രി-2500, ബാലുശ്ശേരി താലൂക്കാശുപത്രി-7000, താലൂക്കാശുപത്രി-7500, താലൂക്കാശുപത്രി പേരാമ്പ്ര-6500, സി.എച്ച്.സി ചെറുവാടി-6500, സി.എച്ച്.സി ചെറുവണ്ണൂര്‍-6000, സി.എച്ച്.സി മേലടി-7000, സി.എച്ച്.സി മുക്കം-7500, സി.എച്ച്.സി നരിക്കുനി-7500, സി.എച്ച്.സി ഒളവണ്ണ-6000, സി.എച്ച്.സി ഓര്‍ക്കാട്ടേരി-6500, സി.എച്ച്.സി തലക്കുളത്തൂര്‍-6500, സി.എച്ച്.സി തിരുവങ്ങൂര്‍-6500, സി.എച്ച്.സി വളയം-6500, സി.എച്ച്.സി ഉള്ള്യേരി-7000, ചെറൂപ്പ എം.സി.എച്ച്-5500 എന്നിങ്ങനെയാണ് തുക അനുവദിച്ചിരുന്നത്. എല്ലാ വാര്‍ഡുകളിലും വീടുകള്‍ കയറിയിറങ്ങിയാണ് വിവരം ശേഖരിക്കേണ്ടിയിരുന്നത്. വളന്‍റിയര്‍മാര്‍ക്ക് 30 രൂപ എന്ന തോതിലാണ് നിശ്ചയിച്ചിരുന്നത്. പരിശീലനവും വിവരശേഖരണ ഫോറത്തിന്‍െറ പ്രിന്‍റിങ്ങും ജനുവരി 31നും സര്‍വേ ഫെബ്രുവരി 28നും പൂര്‍ത്തീകരിച്ച് മാര്‍ച്ച് ഏഴിനകം സംസ്ഥാന ആരോഗ്യമന്ത്രാലയത്തിലേക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരിക്കെയാണ് ജില്ലയിലെ ആരോഗ്യവകുപ്പ് മാര്‍ച്ച് 31ന് വളന്‍റിയര്‍ പരിശീലനം നടത്താന്‍ മാര്‍ച്ച് 30ന് ഉത്തരവിറക്കിയത്. പരിശീലനം പൂര്‍ത്തിയാക്കിയെന്ന് പറയുന്ന മൂന്ന് ആശുപത്രികളുടെ പ്രവര്‍ത്തനം സംബന്ധിച്ചും സംശയമുയര്‍ന്നിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.