കോഴിക്കോട്: കോതി പാലം നിര്‍മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട് പയ്യാനക്കല്‍ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സാമൂഹിക വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് വിദ്യാര്‍ഥികളുടെ സമഗ്ര പദ്ധതി. ഇതിന്‍െറ ഭാഗമായി വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഈ പ്രദേശത്തെ മാലിന്യംനിറഞ്ഞ് അടഞ്ഞുകിടന്ന ഓടകള്‍ വൃത്തിയാക്കി. എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് മൂന്നു മുതല്‍ ആറു വരെ പ്രദേശവാസികളുടെ സഹകരണത്തോടെ ശുചീകരണ പ്രവൃത്തികള്‍ തുടരും. ഓടകളില്‍ നിറഞ്ഞ മാലിന്യത്തില്‍ ഏറിയ പങ്കും പ്ളാസ്റ്റിക് ആണെന്നതിനാല്‍ ഓരോ വീട്ടിലും പ്ളാസ്റ്റിക് കഴുകി വൃത്തിയാക്കി പ്രത്യേക കമ്പിയില്‍ കൊളുത്തിവെക്കണമെന്ന നിര്‍ദേശം ഇവിടത്തുകാര്‍ക്ക് നല്‍കി. മാസത്തിലൊരിക്കല്‍ ഇവ ശേഖരിച്ച് സംസ്കരണ പ്ളാന്‍റിലേക്കയക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍െറ സാമൂഹിക വികസന പദ്ധതിയുടെ ഭാഗമായാണ് തൊഴിലില്ലായ്മ, ലഹരി ഉപയോഗം, അനാരോഗ്യകരവും വൃത്തിഹീനവുമായ ജീവിതസാഹചര്യങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കോതി ബീച്ച് പ്രദേശത്തെ മാറ്റിയെടുക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. കോര്‍പറേഷന്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലായിരുന്നു ശുചീകരണ പ്രവൃത്തി സംഘടിപ്പിച്ചത്. ഇതിനു മുന്നോടിയായി നടന്ന ചടങ്ങില്‍ പ്രഫസര്‍ അനുഭ ശേഖര്‍ സിന്‍ഹ, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. സി.കെ സീനത്ത്, ഐ.ഐ.എം.കെ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിസര ശുചീകരണത്തെക്കുറിച്ച് പ്രദേശവാസികളോട് സംസാരിച്ചു. പ്രദേശവാസികളും ശുചീകരണ പ്രവൃത്തികളില്‍ സജീവമായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.