ബന്ധുക്കള്‍ തള്ളിപ്പറഞ്ഞവര്‍ക്ക് കൈത്താങ്ങായി അന്വേഷി

കോഴിക്കോട്: ‘കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തുമ്പോള്‍ എനിക്ക് കടുത്ത പ്രമേഹമായിരുന്നു. ഡോക്ടര്‍മാരുടെ ചികിത്സകൊണ്ട് അതെല്ലാം മാറി. പക്ഷേ, എന്നെ തിരിച്ച് കൊണ്ടുപോകാനോ ഏറ്റെടുക്കാനോ ബന്ധുക്കളോ നാട്ടുകാരോ തയാറായില്ല. എന്താണ് എന്‍െറ അസുഖം എന്നുപോലും അവര്‍ ചോദിച്ചില്ല. മാനസികാരോഗ്യകേന്ദ്രത്തില്‍ ആയിരുന്നു എന്നത് മാത്രമാണ് അവരൊക്കെ നോക്കിയത്’ -ഇടറിയ ശബ്ദത്തിലാണ് ആ സ്ത്രീ സംസാരിച്ചത്. പക്ഷേ, ‘അന്വേഷിയുടെ’ പുതിയ ബന്ധുക്കളായി പടിയിറങ്ങുമ്പോള്‍ ഇവരുടെ കണ്ണുകളില്‍ സന്തോഷവും ദു$ഖവും ഒരുപോലെ തളംകെട്ടിനിന്നു. രോഗം പൂര്‍ണമായും ഭേദമായിട്ടും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടാതെ വര്‍ഷങ്ങളായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ആറു സ്ത്രീകള്‍ക്കാണ് അന്വേഷിയിലൂടെ പുതിയ ജീവിതം ലഭിക്കുന്നത്. അവര്‍ക്കാവുന്ന തൊഴില്‍ പഠിപ്പിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കുമെന്ന് അന്വേഷി പ്രസിഡന്‍റ് കെ. അജിത പറഞ്ഞു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ആറുപേരെയും അജിതയുടെ കൈകളില്‍ ഏല്‍പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.എല്‍. സരിത, ഡോ. സുരേഷ്, ഡോ. അനിത, ശോഭിത തോപ്പില്‍, ഡോ. ബിനു പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശിവദാസന്‍ സ്വാഗതവും സ്റ്റാഫ് നഴ്സ് ലിസി വര്‍ഗീസ് നന്ദിയും പറഞ്ഞു.രോഗം പൂര്‍ണമായും ഭേദമായെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ 100 ലധികം പേരുണ്ട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍. സ്വന്തം നാടോ വീടോ പേരുപോലും അറിയാത്തവരും അക്കൂട്ടത്തിലുണ്ട്. 40 ഓളം പേരെ ബന്ധുക്കളെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞു. ശേഷിച്ചവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.