പണിതീരാത്ത പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് ഇന്ന് പേരിടല്‍ ചടങ്ങ്

കൊടുവള്ളി: കോടിയിലധികം രൂപ ചെലവഴിച്ച് കൊടുവള്ളി ഗ്രാമപഞ്ചായത്ത് നിര്‍മിച്ച കമ്യൂണിറ്റി ഹാളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സി.എച്ച്. മുഹമ്മദ് കോയയുടെ പേരിടല്‍ ചടങ്ങ് നടത്തുന്നതില്‍ പ്രതിഷേധം. തിങ്കളാഴ്ച വൈകീട്ട് നാലിനാണ് മന്ത്രി മുനീര്‍ പേരിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 2010 ജൂണ്‍ 20ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് കമ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തത്. കെട്ടിടം പണിതതല്ലാതെ വൈദ്യുതി, ശൗചാലയം, കുടിവെള്ളം, മാലിന്യ സംസ്കരണം തുടങ്ങിയ സൗകര്യങ്ങളൊന്നും ഒരുക്കാതെയായിരുന്നു ഉദ്ഘാടനം. പിന്നീട് ഹാളിലെ മേല്‍ക്കൂര പൂര്‍ണമായും പൊട്ടിവീഴുകയും നിലത്ത് വിരിച്ച ടൈലുകളും ശൗചാലയവുമെല്ലാം തകര്‍ക്കപ്പെടുകയും ചെയ്തു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നിലവിലെ ഭരണസമിതി പൊട്ടിയ മേല്‍ക്കൂര പുനര്‍ നിര്‍മിക്കുകയും വൈദ്യുതീകരണ പ്രവൃത്തികള്‍ നടത്തുകയുമുണ്ടായി. ലക്ഷങ്ങള്‍ ചെലവഴിച്ച് ചുറ്റുമതില്‍ നിര്‍മിച്ചതില്‍ അഴിമതിയാരോപണവും ഉയര്‍ന്നു. കെട്ടിടത്തിലെ മുറികള്‍പോലും ഇതുവരെ ലേലം ചെയ്യാനായിട്ടില്ല. പലതിന്‍െറയും ഷട്ടറുകള്‍ തകര്‍ന്ന നിലയിലാണ്. ശൗചാലയം സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണ്. ഈ ഭാഗത്തേക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. മേല്‍ക്കൂര തകര്‍ന്നതിനാല്‍ മഴവെള്ളം ഹാളിലേക്ക് വീഴും. പുതുതായി നിര്‍മിച്ച സീലിങ്ങും തകര്‍ച്ചയുടെ വക്കിലാണ്. വെള്ളമില്ലാത്തതിനാല്‍ പരിപാടികള്‍ നടത്താന്‍ പണമടച്ച് ഹാള്‍ വാടകക്കെടുക്കുന്ന സ്ത്രീകളടക്കമുള്ളവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ക്കുള്‍പ്പെടെ സമീപത്തെ വീടുകളെയും മതസ്ഥാപനങ്ങളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. ശുചീകരണ പ്രവൃത്തികള്‍ നടത്താത്തതിനാല്‍ കെട്ടിടം മുഴുവന്‍ പൊടിപിടിച്ച് വൃത്തികേടായ അവസ്ഥയിലുമാണ്. കമ്യൂണിറ്റി ഹാളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സി.എച്ചിന്‍െറ പേരിടല്‍ ചടങ്ങ് നടത്തുന്നത് പൊതുഫണ്ട് ദുര്‍വിനിയോഗം ചെയ്യാനാണെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. പേരിടല്‍ ചടങ്ങിന്‍െറ മറവില്‍ പണം തട്ടിയെടുക്കാനാണ് പഞ്ചായത്ത് പരിപാടികള്‍ നടത്തുന്നതെന്ന് സി.പി.എം ആരോപിക്കുന്നു. പൊതുഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്ന പരിപാടി നിര്‍ത്തിവെക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം കാരാട് ഫൈസല്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.