ഒഴിവുകള്‍ മറച്ചുവെച്ച് അധ്യാപക നിയമനം അട്ടിമറിക്കുന്നു

കോഴിക്കോട്: അധ്യാപക ഒഴിവുകള്‍ മറച്ചുവെച്ച് കോഴിക്കോട് ഡി.ഡി.ഇ ഓഫിസിന്‍െറ നിയമന അട്ടിമറി ശ്രമം വീണ്ടും. ജില്ലയിലെ ഗവ. യു.പി സ്കൂളുകളില്‍ അധ്യാപകക്ഷാമം നിലനില്‍ക്കെയാണ് ഒഴിവില്ളെന്നു പറഞ്ഞ് നിയമനം വൈകിപ്പിക്കുന്നത്. ഫയല്‍ തിരിമറിക്കും അഴിമതിക്കും സസ്പെന്‍ഷനും വിജിലന്‍സ് കേസുമെല്ലാം ഒട്ടേറെ നേരിട്ട ഓഫിസിലാണ് വീണ്ടും സമാന സാഹചര്യം. യു.പി. സ്കൂള്‍ അധ്യാപക നിയമനത്തിലാണ് തിരിമറിക്ക് വഴിയൊരുങ്ങുന്നത്. 2013 ഫെബ്രുവരി 18ന് നിലവില്‍വന്ന റാങ്ക്ലിസ്റ്റിന്‍െറ കാലാവധി തീരാനിരിക്കെ വെറും 12 പേരെയാണ് കോഴിക്കോട് ജില്ലയില്‍ നിയമിച്ചത്. ഓപണ്‍ വിഭാഗത്തിലാകട്ടെ അഞ്ചുപേരെയും. നിയമനം ചോദിച്ചത്തെുന്നവര്‍ക്ക് ഒഴിവില്ളെന്ന പതിവ് മറുപടിയാണ് ലഭിക്കുക. ജില്ലയിലെ 124 ഗവ. യു.പി. സ്കൂളുകളിലായി 268 ഒഴിവെങ്കിലും ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സ്കൂളുകള്‍ ഒഴിവുകള്‍ യഥാസമയം ഡി.ഡി.ഇ ഓഫിസിനെ അറിയിക്കുന്നുണ്ടെങ്കിലും എ. സെക്ഷനിലെ ജീവനക്കാര്‍ വിവരം പൂഴ്ത്തും. റാങ്ക്ലിസ്റ്റിന്‍െറ കാലാവധി തീരുന്നതിന്‍െറ ദിവസങ്ങള്‍ക്കുമുമ്പ് ഉദ്യോഗാര്‍ഥികളെ ഫോണില്‍ ബന്ധപ്പെട്ട് പണം വാങ്ങിയ ശേഷം ഒഴിവ് പി.എസ്.സിക്ക് കൈമാറുകയും നിയമനങ്ങള്‍ നടത്തുകയുമാണ് ഇവിടത്തെ രീതി. മുന്‍കാലങ്ങളില്‍ പയറ്റിയ ‘കച്ചവട’ത്തിനാണ് ഒഴിവ് പൂഴ്ത്തിവെക്കുന്നതെന്നാണ് സൂചന. യു.പി. സ്കൂള്‍ അധ്യാപക നിയമനത്തില്‍ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ നിയമനമാണ് ഇവിടെ നടന്നത്. കോഴിക്കോട്ടേക്കാള്‍ കുറഞ്ഞ സ്കൂളുകളുള്ള വയനാട്ടില്‍ 88 പേരെ നിയമിച്ചു. 224 പേര്‍ക്ക് നിയമനം നല്‍കിയ മലപ്പുറമാണ് സംസ്ഥാനത്ത് മുന്നില്‍. തിരുവനന്തപുരം 62, കൊല്ലം 68, ആലപ്പുഴ 45, പത്തനംതിട്ട 25, കോട്ടയം 30, ഇടുക്കി 66, പാലക്കാട് 67 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ നിയമന കണക്ക്. സ്റ്റാഫ് പാറ്റേണ്‍ നടപ്പാക്കുമ്പോള്‍ തസ്തിക കുറയുമെന്നാണ് ഒൗദ്യോഗിക ഭാഷ്യം. മറ്റ് ജില്ലകളിലെ കണക്ക് വരുന്നതോടെ ഈ വാദത്തിന് കഴമ്പില്ളെന്നാണ് വ്യക്തമാകുന്നത്. നിയമനം വൈകിപ്പിക്കുന്നതിന് പിന്നില്‍ ഡി.ഡി.ഇ, പി.എസ്.സി ഓഫിസുകളിലെ ജീവനക്കാര്‍-അധ്യാപക പ്രതിനിധികളാണുള്ളത്. ഒഴിവിന്‍െറ നിശ്ചിത ശതമാനത്തില്‍ നേരിട്ട് നിയമനം നടത്തുന്നതിനു പകരം സ്ഥലംമാറ്റങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന രീതിയുമുണ്ട്. നിയമന ക്രമക്കേട്, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റത്തിന് ഡി.ഡി.ഇ ഓഫിസിലെ അഞ്ചുപേര്‍ക്കെതിരെ കോഴിക്കോട് വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.