വേളം തീവെപ്പ് കേസ്: പ്രതിക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ്

കുറ്റ്യാടി: വേളത്തെ വാഹന തീവെപ്പു കേസിലെ മുഖ്യപ്രതി അഫ്സലിന്‍െറ കൂട്ടുപ്രതികളിലൊരാളായ ചോയിമഠം കുറുങ്ങോട്ട് ജൗഹറിനുവേണ്ടി (21) പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെടുമെന്ന നിഗമനത്തിലാണ് നോട്ടീസ് പുറപ്പെടുവിക്കുന്നതെന്ന് കേസ് അന്വേഷിക്കുന്ന കുറ്റ്യാടി എസ്.ഐ എ. സായൂജ്കുമാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. കഴിഞ്ഞമാസം 19ന് പുലര്‍ച്ചെ പെരുവയല്‍ പുതുശ്ശേരിമീത്തല്‍ മുഹമ്മദലിയുടെ മോട്ടോര്‍ ബൈക്ക്, 23ന് പുലര്‍ച്ചെ ശാന്തിനഗര്‍ അരിങ്കിലോട്ട് സലീമിന്‍െറ മാരുതി സ്വിഫ്റ്റ് കാര്‍, പിറ്റേന്ന് പുലര്‍ച്ചെ ഇതേ വീട്ടിലെ ഒരു മോട്ടോര്‍ ബൈക്ക്, സ്കൂട്ടര്‍ എന്നിവ തീവെച്ച് നശിപ്പിക്കാന്‍ അഫ്സലിനൊപ്പം ജൗഹറും പങ്കെടുത്തിരുന്നതായി എസ്.ഐ പറഞ്ഞു. ഒളിവില്‍ കഴിയുന്ന ഇയാളെ പിടിക്കാന്‍ പലതവണ റെയ്ഡ് നടത്തിയിട്ട് കിട്ടിയില്ലത്രെ. കഴിഞ്ഞ 7ന് അറസ്റ്റിലായ അഫ്സല്‍ റിമാന്‍ഡിലാണുള്ളത്. അതിനിടെ വാഹന ഉടമകളെ അപകീര്‍ത്തിപ്പെടുത്തുംവിധം ശാന്തിനഗറിലും മറ്റും രഹസ്യമായി നോട്ടീസ് വിതരണം ചെയ്യുന്നുണ്ടെന്നും അതിന്‍െറ ഉറവിടത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും എസ്.ഐ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.