കുടുംബശ്രീ ഗ്രീന്‍ ടെക്നീഷ്യന്മാര്‍ കര്‍മപഥത്തിലേക്ക്

കോഴിക്കോട്: വിഷരഹിത ജൈവകൃഷി, ആരോഗ്യമുള്ള ജനത എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍ പരിശീലനം നല്‍കിയ ഗ്രീന്‍ ടെക്നീഷ്യന്മാര്‍ കര്‍മപഥത്തിലേക്ക്. ജില്ലയില്‍ വി.എച്ച്.എസ്.ഇ അഗ്രിക്കള്‍ച്ചര്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്നാണ് ഗ്രീന്‍ ടെക്നീഷ്യന്മാരെ കണ്ടത്തെിയത്. ആകെ ലഭിച്ച 131 അപേക്ഷകരില്‍നിന്ന് അഭിമുഖം, സംഘചര്‍ച്ച, ഓറിയന്‍േറഷന്‍ ക്ളാസ് എന്നിവ നടത്തിയാണ് 24 പേരെ തെരഞ്ഞെടുത്തത്. ജില്ലയിലെ ജൈവകൃഷി പ്രചാരണവും പ്രോത്സാഹനവും പരിപാലനവുമാണ് ഗ്രീന്‍ ടെക്നീഷ്യന്മാരുടെ ചുമതല. പരിശീലനം ലഭിച്ച 24 ഗ്രീന്‍ ടെക്നീഷ്യന്മാരാണ് പ്രവര്‍ത്തന പഥത്തിലേക്കിറങ്ങുന്നത്. ഇവര്‍ക്കുള്ള അവസാനഘട്ട പരിശീലനം സെപ്റ്റംബര്‍ 15, 16 തീയതികളില്‍ സിവില്‍ സ്റ്റേഷന്‍ എന്‍ജിനിയേഴ്സ് ഹാളില്‍ നടക്കും. കൃഷി ഓഫിസര്‍മാര്‍, കാര്‍ഷികരംഗത്തെ വിദഗ്ധര്‍, കുടുംബശ്രീ പരിശീലകര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള സംരംഭക യൂനിറ്റായാണ് ഗ്രീന്‍ ടെക്നീഷ്യന്മാര്‍ തയാറെടുക്കുന്നത്. കുടുംബശ്രീയുടെ കേന്ദ്രാവിഷ്കൃത പ്രോത്സാഹന പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന (എം.കെ.എസ്.പി) പദ്ധതിയുടെ ഭാഗമായുള്ള ബ്ളോക് കോഓഡിനേറ്റര്‍മാര്‍ നടത്തിയ തരിശുഭൂമി സര്‍വേയിലൂടെ കണ്ടത്തെിയ 1125 ഏക്കര്‍ ഭൂമിയില്‍ ജൈവകൃഷി നടത്തുക എന്നതാണ് ഗ്രീന്‍ ടെക്നീഷ്യന്മാര്‍ ഏറ്റെടുക്കുന്ന ആദ്യ പ്രവര്‍ത്തനം. കൂടാതെ ടെറസ് ഫാമിങ്, ഗ്രോബാഗ് നിര്‍മാണം, ഗ്രോബാഗ് റീഫില്ലിങ്, വളംചെയ്യല്‍, ജൈവ കീടനാശിനി നിര്‍മാണവും വിതരണവും, തൈ പരിചരണം എന്നീ മേഖലകളിലും ജൈവ ഉല്‍പന്നങ്ങളുടെ വിപണനത്തിലും ഗ്രീന്‍ ടെക്നീഷ്യന്മാരുടെ സേവനം ലഭിക്കും. ഇവരുടെ സേവനം ആവശ്യമുള്ളവര്‍ക്ക് ഗ്രീന്‍ ടെക്നീഷ്യന്‍ ഹോട്ട്ലൈന്‍ നമ്പറിലോ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസുമായോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ ടി.പി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.