ശ്രീനാരായണ ദര്‍ശനം കുരിശില്‍തന്നെ –എന്‍.എസ്. മാധവന്‍

കോഴിക്കോട്: ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്‍െറ ആശയങ്ങളും ക്രൂശിക്കപ്പെടുന്ന സന്ദര്‍ഭം തന്നെയാണിതെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. നവോത്ഥാന പ്രസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ എസ്.എന്‍.ഡി.പി പോലുള്ള പ്രസ്ഥാനങ്ങള്‍ ഫാഷിസത്തിന്‍െറ ട്രോജന്‍ കുതിരകളായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സെമിനാറില്‍ ‘നവ ഹിന്ദുത്വം സാഹിത്യത്തിലും സംസ്കാരത്തിലും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സംസ്കാരത്തിന്‍െറ അടിത്തറയായ നവോത്ഥാന പ്രസ്ഥാനത്തിന്‍െറ തായ്വേരില്‍ കോടാലിവെച്ചാണ് ഫാഷിസം കടന്നുവരുന്നത്. നവോത്ഥാന പ്രസ്ഥാനത്തെയും അതിന്‍െറ സന്തതികളെയും ഉന്മൂലനം ചെയ്താല്‍ കേരളം പിടിച്ചെടുക്കാം എന്നാണ് കണക്കുകൂട്ടല്‍. അവര്‍ക്ക് വേണ്ടത് അവരെ സമര്‍ഥിക്കുന്ന ശബ്ദം മാത്രമാണ്. നിശ്ശബ്ദതപോലും അവര്‍ക്ക് സൗകര്യമാകും. അതിനാല്‍ നിശ്ശബ്ദത വെടിയേണ്ട കാലമായെന്നും എന്‍.എസ്. മാധവന്‍ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ‘മോദിയിസം അഥവാ നവലിബറല്‍ കാലത്തെ ഹിന്ദുരാഷ്ട്ര വാദം’, ‘ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ’, ‘മതനിരപേക്ഷ രാഷ്ട്രീയവും സംഘ്പരിവാറിന്‍െറ വിദ്വേഷ പ്രചാരണങ്ങളും’ എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമാണെന്ന് തുടര്‍ന്ന് സംസാരിച്ച സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു. കൃഷ്ണദര്‍ശനം കമ്യൂണിസത്തോട് അടുത്തു നില്‍ക്കുന്നതാണ്. ശ്രീനാരായണ ഗുരുവും സ്വാമി വിവേകാന്ദനും ഋഷീശ്വരന്മാരുമെല്ലാം വിഭാവനം ചെയ്തത് മതേതര ആധ്യാത്മികതയാണെന്നും അദ്ദേഹം പറഞ്ഞു. എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ, എന്‍. അലി അബ്ദുല്ല, ഡോ. പി.എ. ഫസല്‍ ഗഫൂര്‍, ത്വയ്യിബ് ഹുദവി തെന്നല, ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ്, കെ.ടി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.