കോഴിക്കോട്: പള്ളികളില്‍ ഉച്ചഭാഷിണി നിയന്ത്രിക്കണമെന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ആഹ്വാനത്തെ കേരള സംസ്ഥാന ജംഇയ്യതുല്‍ ഉലമ സ്വാഗതം ചെയ്തു. ബാങ്ക് വിളികള്‍ക്കൊപ്പം ഇഖാമത്ത്, നമസ്കാരം, മൗലീദ് സ്വലാത്ത്, ദിക്റുകള്‍ എന്നിവയെല്ലാം ഉച്ചഭാഷിണി ഉപയോഗിച്ച് ശബ്ദഘോഷത്തോടെ നടത്തുന്നതിനെതുടര്‍ന്നാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തേണ്ടിവന്നത്. ഉച്ചഭാഷിണി ഉപയോഗം ആരാധനകളില്‍ നിര്‍ബന്ധമല്ല. എല്ലാ വിഭാഗം ആരാധനാലയങ്ങളും ഭരണസമിതിയും ഇതിനെതിരെ നടപടി കൈക്കൊള്ളണമെന്ന് ഭാരവാഹികളായ പാണക്കാട് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, എ. നജീബ് മൗലവി, രാമന്തളി മുഹമ്മദ് കോയ തങ്ങള്‍, സമദ് മൗലവി മണ്ണാര്‍മല, അഡ്വ. ഫാറൂഖ് മുഹമ്മദ് എന്നിവര്‍ പറഞ്ഞു. കോഴിക്കോട്: മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശം മതസംഘടനകള്‍ മുഖവിലക്കെടുക്കണമെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം അന്യന്‍െറ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാവരുതെന്നും യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്‍റ് യു.പി. യഹ്യാഖാന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട്: പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണംവേണമെന്ന ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനം അഭിനന്ദനീയമാണെന്ന് എം.എസ്.എസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ പ്രതികരണങ്ങളും അനുകൂല നിലപാടുകളും ശുഭോതര്‍ക്കമാണ്. മതവിഭാഗീയതക്കതീതമായി എല്ലാ ആരാധനാലയങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ പി. മമ്മത്കോയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.