വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലെ മദ്യഷാപ്പ് വിരുദ്ധ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലെ സര്‍ക്കാറിന്‍െറ ബിവറേജസ് ഒൗട്ട്ലറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സായാഹ്ന സത്യഗ്രഹം സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപം തുടങ്ങി. സായാഹ്ന സത്യഗ്രഹം കവി പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. ഭരണാധികാരികള്‍ വാചകക്കസര്‍ത്ത് അവസാനിപ്പിച്ച് മദ്യത്തിനെതിരെ സത്യസന്ധമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ മദ്യശാലയുള്ളതിനാല്‍ അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. മദ്യത്തിനെതിരെ മഹാത്മാഗാന്ധിയെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിച്ച നിലപാടുകള്‍ അധികാരികള്‍ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. സത്യഗ്രഹ സമിതി ചെയര്‍മാന്‍ പൊയിലില്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോടിന്‍െറ ഹൃദയഭാഗത്ത് ഒരു മദ്യഷാപ്പാണുള്ളതെന്ന് പറയുന്നതുതന്നെ നാണക്കേടാണെന്നും പൊതുജനങ്ങള്‍ക്ക് ദുരിതമാകുന്ന ഇത്തരം മദ്യശാലകള്‍ അടച്ചുപൂട്ടേണ്ടത് ജനാധിപത്യ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ധര്‍മസമരങ്ങള്‍ അധികാരികള്‍ക്ക് കണ്ടില്ളെന്നു നടിക്കാനാകില്ല. വൈകാതെ പൊതുപ്രശ്നമായി മാറി വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലെ മദ്യശാല പൂട്ടേണ്ടിവരും -അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വ. മോഹന്‍ലാല്‍, സോഷ്യോ വാസു, ഹാജി മാഹിന്‍ നെരോത്ത്, സുഭാഷ് ആബേല്‍, പ്രഫ. ടി.എം. രവീന്ദ്രന്‍, അനില്‍ ബാബു, ടി. ബാലകൃഷ്ണന്‍, കുര്യന്‍ ചെമ്പനാനി, രാമദാസ് പന്തീരാങ്കാവ്, പുന്നശ്ശേരി ശ്രീധരന്‍ മാസ്റ്റര്‍, പടുവാട്ട് ബാലകൃഷ്ണന്‍, അബു അന്നശ്ശേരി എന്നിവര്‍ സംസാരിച്ചു. പ്രഫ. ഒ.ജെ. ചിന്നമ്മ സ്വാഗതവും അഷ്റഫ് ചേലാട്ട് നന്ദിയും പറഞ്ഞു. ഹോളിക്രോസ് കോളജിലെ 50ഓളം വിദ്യാര്‍ഥികള്‍ ആദ്യ ദിവസത്തെ സത്യഗ്രഹത്തില്‍ പങ്കാളികളായി. വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ മദ്യശാല തുടങ്ങിയതോടെ മദ്യപാനികളുടെയും സാമൂഹികദ്രോഹികളുടെയും കുറ്റവാളികളുടെയും താവളമായി മാറിയിരിക്കുകയാണെന്നാണ് പ്രധാന ആരോപണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതുവഴി പലപ്പോഴും നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഒക്ടോബര്‍ രണ്ടിന് ഈ മദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാണ് മദ്യനിരോധന സമിതിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് എല്ലാദിവസവും വൈകീട്ട് നാലു മുതല്‍ ആറുമണി വരെയാണ് സത്യഗ്രഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.