ബൈക്ക് മോഷണം: ഡസനോളം കുട്ടിക്കള്ളന്മാര്‍കൂടി വലയില്‍

കോഴിക്കോട്: മോഷ്ടിച്ച സ്കൂട്ടറില്‍ യാത്രചെയ്ത് യുവതിയുടെ പഴ്സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചതിന് രണ്ട് ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികള്‍ പിടിയിലായ കേസില്‍ ഡസനോളം കുട്ടിക്കള്ളന്മാര്‍കൂടി വലയിലായതായി സൂചന. കാളൂര്‍ റോഡ് പരിസരത്തുനിന്ന് ഈമാസം രണ്ടിന് പിടിയിലായ വിദ്യാര്‍ഥികളെ ചോദ്യംചെയ്തപ്പോഴാണ് ബൈക്ക് മോഷണസംഘത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇവരില്‍ നാലുപേര്‍ ടൗണ്‍ഹാളിനടുത്ത പ്രമുഖ ഗവ. സ്കൂളിലെയും നാലുപേര്‍ ചാലപ്പുറത്തെ എയ്ഡഡ് ബോയ്സ് സ്കൂളിലെയും രണ്ടുപേര്‍ ചിന്താവളപ്പ് ജങ്ഷനടുത്ത എയ്ഡഡ് സ്കൂളിലെയും വിദ്യാര്‍ഥികളാണ്. പെണ്‍കുട്ടികളുടെ മുന്നില്‍ വിലസാനും നഗരത്തില്‍ ചത്തെിനടക്കാനുമാണ് ഇവര്‍ ബൈക്ക് മോഷ്ടിക്കുന്നത്. സ്കൂളുകളില്‍ ബൈക്കിന് കര്‍ശന നിയന്ത്രണമുള്ളതിനാല്‍ സ്കൂള്‍ പരിസരത്താണ് പാര്‍ക്ക് ചെയ്യുക. കാളൂര്‍ റോഡില്‍ കഴിഞ്ഞ ഒന്നര മാസമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്ന കെ.എല്‍ 11 എല്‍ 7043 നമ്പര്‍ ബജാജ് ബോക്സര്‍ ബൈക്ക് ഇതേ സംഘം മോഷ്ടിച്ചതാണെന്ന് കണ്ടത്തെി. സ്റ്റാര്‍ട്ടാകാത്തതിനെ തുടര്‍ന്ന് കാളൂര്‍ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. സംഘം മോഷ്ടിച്ച മറ്റ് ബൈക്കുകളില്‍ നാലെണ്ണത്തിന്‍െറ ഉടമകളെ തിരിച്ചറിഞ്ഞു. മറ്റു ചില സ്കൂളുകള്‍ കേന്ദ്രീകരിച്ചും കുട്ടിക്കള്ളന്മാരുടെ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സഹപാഠികള്‍ ബൈക്ക് ഉപയോഗിക്കുന്നതാണ് ഇവരെ മോഷണത്തിന് പ്രേരിപ്പിച്ചത്. സുഹൃത്തിന്‍േറതെന്നു പറഞ്ഞാണ് ബൈക്കുകള്‍ വീട്ടില്‍ കൊണ്ടുപോവുക. ഒന്നോ രണ്ടോ ദിവസത്തിനുശേഷം ബൈക്ക് സംഘത്തിലെ മറ്റൊരാള്‍ക്ക് കൈമാറും. പെട്രോള്‍, റിപ്പയര്‍ ചെലവുകള്‍ക്ക് സ്വന്തം വീടുകളില്‍നിന്ന് പണം മോഷ്ടിക്കുന്നവരുമുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് തിരഞ്ഞത്തെുമ്പോഴാണ് രക്ഷിതാക്കള്‍ വിവരമറിയുക. ആര്‍ഭാടജീവിതം നയിക്കാന്‍ മോഷ്ടിച്ച ബൈക്കുകളില്‍ ചിലത് നിസ്സാര തുകക്ക് വിറ്റതായും സംശയിക്കുന്നു. പിടിയിലായാല്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഉപദേശം നല്‍കി പറഞ്ഞുവിടുകയാണ് പൊലീസ് തുടരുന്ന രീതി. കുട്ടികള്‍ കൂടുതല്‍ തെറ്റിലേക്ക് പോകരുതെന്ന സദുദ്ദേശ്യം ലക്ഷ്യമിട്ട് പൊലീസെടുക്കുന്ന ഈ നിലപാട് കൂടുതല്‍പേരെ ബൈക്ക് മോഷണത്തിലേക്ക് ആകര്‍ഷിക്കുന്നതായാണ് വിവരം. സംഘത്തിലെ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുകഴിഞ്ഞു. ഈമാസം രണ്ടിന് ഉച്ചക്ക് 12ഓടെ കാളൂര്‍ റോഡില്‍ യുവതിയുടെ പഴ്സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ച രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളെ സ്കൂട്ടര്‍ സഹിതം നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇതിനടുത്ത് ഒന്നരമാസമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ബോക്സര്‍ ബൈക്കിനും വിദ്യാര്‍ഥികള്‍ വന്ന സ്കൂട്ടറിനും ഒരേ രജിസ്ട്രേഷന്‍ നമ്പറായതാണ് സംഘത്തിലെ മറ്റുള്ളവര്‍ വലയിലാകാന്‍ കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.