പള്ളിയില്‍നിന്ന് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടതായി പരാതി

കോഴിക്കോട്: ഈസ്റ്റ് കല്ലായി ജുമുഅത്ത് പള്ളിയിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കിവിട്ടതായി പരാതി. പരിസരത്തെ കടകള്‍ക്കിടയിലൂടെയുള്ള ചാലിലൂടെ വന്‍തോതില്‍ കക്കൂസ് മാലിന്യം ഒഴുക്കിവിടുകയായിരുന്നുവെന്ന് വ്യാപാരികള്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ തിങ്കളാഴ്ച സ്ഥലത്തത്തെി പള്ളി അധികൃതര്‍ക്ക് നോട്ടീസ് നല്‍കി. തിങ്കളാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. കക്കൂസ് ടാങ്ക് നിറഞ്ഞത് നേരത്തേതന്നെ ശ്രദ്ധയില്‍പെട്ട ആരോഗ്യവകുപ്പ് അധികൃതര്‍ മറ്റൊരു ടാങ്ക് നിര്‍മിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അതും പാലിക്കപ്പെട്ടിരുന്നില്ല. മാലിന്യത്താല്‍ ഇവിടെയുള്ള മരപ്പണിക്കാരും ഫര്‍ണിച്ചര്‍ വ്യാപാരികളും വര്‍ഷങ്ങളായി ദുരിതമനുഭവിക്കുകയാണ്. മൂത്രവും മറ്റും ഇതിലൂടെ ഒഴുക്കുന്നത് പതിവാണെന്നും കക്കൂസ് ടാങ്കില്‍നിന്ന് മനുഷ്യ വിസര്‍ജ്യം ഒഴുക്കിവിട്ടത് വെള്ളമൊഴിച്ച് നീക്കാന്‍ ശ്രമിച്ചത് തിങ്കളാഴ്ച രാവിലെ തടയുകയായിരുന്നുവെന്നും വ്യാപാരിയായ അബ്ദുല്‍ സലാം പറഞ്ഞു.തിങ്കളാഴ്ച രാവിലെ കോഴിക്കോട് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. ബദറുദ്ദീന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷമീര്‍ എന്നിവരത്തെിയാണ് പരിസരം അഞ്ചുമണിക്കൂറിനുള്ളില്‍ വൃത്തിയാക്കണമെന്ന് വ്യക്തമാക്കി നോട്ടീസ് നല്‍കിയത്. മാലിന്യം ഒഴുക്കുന്നതിനെതിരെ ആറുമാസം മുമ്പ് ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. മൂന്നുതവണ നോട്ടീസ് നല്‍കിയിട്ടും പള്ളി അധികൃതര്‍ ഹാജരായിരുന്നില്ല. നാലാം തവണ രജിസ്റ്റേര്‍ഡ് ആയി നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ചക്ക് ഹാജരായത്. മാലിന്യപ്രശ്നം പരിഹരിക്കാന്‍ പൈപ്പ് ഇടാന്‍ ലീഗല്‍ സര്‍വിസ് അതോറിറ്റി നിര്‍ദേശിച്ചെങ്കിലും അതും പാലിക്കപ്പെട്ടിരുന്നില്ല. പൈപ്പ് ഇടാനുള്ള സാമ്പത്തിക സഹായം വഹിക്കാന്‍ വ്യാപാരികളും തൊഴിലാളികളും തയാറായിട്ടും പള്ളി അധികൃതര്‍ നിസ്സംഗത പാലിക്കുകയാണെന്നാണ് ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.